അറസ്റ്റിലായ ജിനേഷ്, ശ്രീചിത്ര ഹോമിൽ പണമടച്ച രസീത് | Photo: Mathrubhumi, Facbeook/Sreelakshmi Ajesh
തിരുവനന്തപുരം: 16-കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അയല്‍വാസിയായിരുന്ന ശ്രീലക്ഷ്മി അജീഷ്. ഇപ്പോള്‍ എറണാകുളത്ത് സ്വന്തം സംരംഭവുമായി കഴിയുന്ന ശ്രീലക്ഷ്മി അജീഷ് ഗുരുതര ആരോപണമാണ് ജിനേഷിനെതിരെ ഉന്നയിക്കുന്നത്. ആറുവര്‍ഷം മുമ്പ് തന്റെ ഫോണ്‍ നമ്പര്‍ ഒരു അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ ജിനേഷ് പങ്കുവെച്ചുവെന്നും തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളും ശ്രീലക്ഷ്മി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് ജിനേഷിന്റെ സമീപവാസിയായിരുന്നു ശ്രീലക്ഷ്മി അജീഷ്. 'നാട്ടുകാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ചെറിയ തോട്ടിലേക്ക്, സ്ഥലത്തെ പ്രമാണിമാര്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നത് വലിയ പ്രശ്നമായിരുന്നു. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആദ്യം സമീപിച്ചത് ജിനേഷിനെയും സുഹൃത്തുക്കളെയുമായിരുന്നു. ഐ.ബി. സതീഷ് എം.എല്‍.എയെ വിഷയം ധരിപ്പിക്കാനൊക്കെ ജിനേഷിന്റെ സഹായം തേടിയിരുന്നു. അങ്ങനെ എം.എല്‍.എയെ ക്ഷണിച്ചെങ്കിലും അദ്ദേഹം വരുന്ന സമയമായപ്പോഴേക്കും ജിനേഷ് അടക്കമുള്ളവര്‍ മുങ്ങി. എം.എല്‍.എ. വരികയും സ്ഥലമെല്ലാം നടന്നുകണ്ട് പഞ്ചായത്തിനോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. തോട്ടിലെ മാലിന്യ നിക്ഷേപം തടയുന്നതിന് വേണ്ടി സഹായിക്കാമെന്നേറ്റ സമയത്താണ് എന്റെ ഫോണ്‍ നമ്പര്‍ ജിനേഷിന് കിട്ടുന്നത്. കുറെ നാളുകള്‍ക്ക് ശേഷം രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ ഒരു കോള്‍ വന്നു. ഞാന്‍ ആ സമയത്ത് മോട്ടിവേഷനല്‍ ക്ലാസുകളൊക്കെ എടുക്കുന്ന സമയമാണ്. ഇതിന് ശേഷം നിരവധി കോളുകളും സന്ദേശങ്ങളും പലതവണയായി ഇങ്ങനെ വന്നു. എന്നെ വിളിച്ചയാളെ തിരികെ വിളിച്ച് വിരട്ടിയപ്പോഴാണ് ഈ നമ്പര്‍ കിട്ടിയത് ഒരു അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് എന്ന് മനസിലായത്. ഇങ്ങനെ ഏഴോളം ഗ്രൂപ്പിലേക്ക് നമ്പര്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഓരോ ഗ്രൂപ്പിലുള്ളവരെയും തേടിപ്പിടിച്ച് വിരട്ടി കാര്യങ്ങള്‍ അന്വേഷിച്ചപ്പോളാണ് നമ്പര്‍ പങ്കുവെച്ചത് ജിനേഷാണെന്ന് അറിയുന്നത്, ശ്രീലക്ഷ്മി പറയുന്നു.
ആദ്യമൊക്കെ ചെയ്തത് നിഷേധിക്കാനാണ് ജിനേഷ് ശ്രമിച്ചത്. തെളിവുകളടക്കം ശേഖരിച്ച് കേസുകൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍, ജിനേഷിനെ പിന്തുണച്ച് പാര്ട്ടിക്കാര് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഒടുവില്‍ ജിനേഷിന്റെ പിതാവും സ്ഥലത്തെ പാര്‍ട്ടിക്കാരുമൊക്കെ വന്നു മാപ്പ് പറയിക്കാമെന്ന് അറിയിച്ചു. കേസ് കൊടുത്താല്‍ കുടുംബമടക്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ജിനേഷിന്റെ അച്ഛന് കാലുപിടിച്ച് പറഞ്ഞപ്പോഴാണ് പാവങ്ങളെ സംരക്ഷിക്കുന്ന ഗാന്ധിഭവനിലോ ശ്രീചിത്ര ഹോമിലോ 25,000 രൂപ അടച്ചതിന്റെ രസീത് ഹാജക്കിയാല് മാപ്പ് പറയുന്ന കാര്യത്തില്‍ ആലോചിക്കാമെന്ന് പറഞ്ഞ് അവരെ മടക്കി വിട്ടു. അപ്പോഴും ഫോണില്‍ സന്ദേശങ്ങളൊക്കെ വരുന്നുണ്ടായിരുന്നു. ഒടുവില്‍ പണമടച്ചതിന്റെ രസീത് കാണിക്കാന്‍ ജിനേഷ് വന്നിരുന്നുപ്പോള് നിയമനടപടികളിലേക്ക് നീങ്ങാതെ മാപ്പ് സ്വീകരിക്കുകയാരുന്നുവെന്ന് അവര്‍ പറയുന്നു.
'അന്ന് അവന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചിട്ട് ഞാന്‍ പറഞ്ഞു ഇത് നിന്റെ അമ്മ നിനക്ക് തരേണ്ടതായിരുന്നു, അങ്ങനെ കരുതിയാല്‍ മതിയെന്നാണ്. ഇവനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന് അന്ന് ഞാന്‍ ആവശ്യപ്പെട്ടതായിരുന്നു. പക്ഷെ ആണ്‍കുട്ടികള്‍ അങ്ങനെ കുരുത്തക്കേടുകള്‍ കാണിക്കും അതൊക്കെ നിങ്ങള്‍ പെണ്ണുങ്ങളാണ് ക്ഷമിക്കേണ്ടതെന്നാണ് അന്ന് ഒരു നേതാവെന്നോട് പറഞ്ഞത്.' അതിന് ശേഷവും എനിക്ക് പാര്‍ട്ടിക്കാരില്‍ നിന്ന് ഭീഷണിയുണ്ടായെന്ന് ശ്രീലക്ഷ്മി ആരോപിച്ചു.
2016ലായിരുന്നു ഇതൊക്കെ സംഭവിച്ചത്. രസീതിന്റെ ഫോട്ടോയും അന്നുണ്ടായ സംഭവങ്ങളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്നത് വലിയ വാര്‍ത്ത ആയതായിരുന്നു. ഇത്രയൊക്കെ നടന്നിട്ടും ജിനേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കില്‍ ഇന്ന് ഈ കേസില്‍ ഡി.വൈ.എഫ്.ഐ. പോലൊരു സംഘടനയുടെ പേര് വരില്ലായിരുന്നുവെന്ന് ശ്രീലക്ഷമി ചൂണ്ടിക്കാട്ടുന്നു. 'അന്ന് എനിക്ക് നേരിടേണ്ടി വന്നത് വലിയൊരു ട്രോമയെ ആയിരുന്നെങ്കില്‍ ഇന്നിവനൊരു 16 വയസുള്ള കുട്ടിയുടെ ജീവിതമാണ് തുലച്ചത്. അന്ന് പാര്‍ട്ടി ഇവനെ പുറത്താക്കാതിരുന്നതിന്റെ ബലത്തിലാണ് അവനിന്നിതൊക്കെ ചെയ്തത്'- ശ്രീലക്ഷ്മി അജീഷ് ആരോപിച്ചു.
Content Highlights: sreelakshmi ajeesh against jinesh dyfi worker accused in sexual assault against 16 year old girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..