ശ്രദ്ധ സതീഷ്, എസ്എഫ്‌ഐ പ്രവർത്തകർ കോളേജ് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു
കൊച്ചി: മകളുടെ മരണത്തെക്കുറിച്ച് ആര് അന്വേഷിച്ചാലും ഉത്തരവാദികളായവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ പിതാവ് സതീഷ്. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനംപോലും ഇല്ലാത്ത കോളേജില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ച് ഇത്രയധികം പ്രതിഷേധം ഉണ്ടാക്കണമെങ്കില്‍ അവര്‍ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് പൊതുസമൂഹം മനസിലാക്കേണം. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഹോസ്റ്റലില്‍ മരിച്ച മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ ഇതുവരേയും യാതൊരു അന്വേഷണവും നടന്നിട്ടില്ല. അവര്‍ സ്ഥലത്തില്ലെന്നൊക്കെയാണ് പോലീസ് പറയുന്നത്. കോളേജ് ഹോസ്റ്റലില്‍ സി സി ടി വി ക്യാമറ ഇല്ലെന്നാണ് പോലീസ് പറഞ്ഞത്, ഞാന്‍ അത് കണ്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ പോലീസ് അത് കണ്ടില്ലെന്നാണ് പറയുന്നത്. പ്രതികളായവര്‍ക്കെതിരേ യാതൊരു അന്വേഷണവും നടത്തുന്നില്ല. പകരം മകളുടെ മൊബൈല്‍ഫോണും ലാപ്‌ടോപ്പുമെല്ലാം അവര്‍ കൊണ്ടുപോയി. ഞങ്ങളുടെ മൊഴിയെടുത്തു. ഇപ്പോള്‍ മകളുടെ മരണത്തിന്റെ ഉത്തരവാദികള്‍ ഞങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് മന്ത്രി പറഞ്ഞു. ആര് അന്വേഷിച്ചാലും എന്റെ മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ ലഭിക്കുകയും വേണം, ശ്രദ്ധയുടെ പിതാവ് സതീഷ് പറഞ്ഞു.
കോളേജിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്ന വാക്കുകള്‍ പലതും പുറത്തുപോലും പറയാന്‍ കഴിയാത്തതാണ്. കോളേജിലെ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും കോഴ്‌സ് കഴിഞ്ഞ് വന്നാല്‍ മതിയെന്നായിരുന്നു ഞങ്ങള്‍ക്ക്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാല്‍ അവള്‍ അമ്മയെ വിളിക്കാറുണ്ട്. മരിക്കുന്നതിന് തലേദിവസം അമ്മയോട് സംസാരിക്കാന്‍ തയാറായില്ല എന്ന് കോളേജ് അധികൃതര്‍ പറയുന്നതൊക്കെ പച്ചക്കള്ളമാണ്. എല്ലാ കുട്ടികള്‍ക്കും പേടിയാണ്, അദ്ദേഹം പറഞ്ഞു.
ഫോണ്‍ പിടിച്ചുവാങ്ങിയതിന് ശേഷം അവളെ എച്ച് ഒ ഡിയുടെ മുറിയിലേക്ക് വിളിപ്പിച്ചു എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. പുറത്തിറങ്ങിയ അവള്‍ പറഞ്ഞത് ഇനി ജീവിച്ചിരിക്കേണ്ട മരിച്ചാല്‍ മതിയെന്നാണ്. ആത്മഹത്യയെ എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു ശ്രദ്ധ. സ്വന്തം കാലില്‍ നില്‍ക്കണമെന്നും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കണമെന്നും ശ്രദ്ധക്കുണ്ടായിരുന്നു. അത്തരമൊരു മാനിസികാവസ്ഥയുള്ള കുട്ടി ആത്മഹത്യയെക്കുറിച്ച ചിന്തിക്കണമെങ്കില്‍ അവളെ അത്രയധികം ഹരാസ് ചെയ്തിരിക്കണമെന്നും ശ്രദ്ധയുടെ പിതാവ് ചോദിക്കുന്നു.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞിരപ്പള്ളി എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിയായിരുന്നു ശ്രദ്ധ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാവാം ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ ഇടപെടലുകള്‍ ഉണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം.
Content Highlights: sradha death case: Father's response


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..