കെ.ഒ. വർഗീസ്
തൃശ്ശൂര്‍: കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ. വര്‍ഗീസ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയില്‍. ഭിന്നശേഷിക്കാരനില്‍നിന്ന് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
മാന്ദാമംഗലം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസ് പരിധിയിലുള്ള വസ്തു ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കാന്‍ ആധാരത്തിന്റെ പോക്കുവരവ് ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനും കൈവശാവകാശരേഖയ്ക്കും കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതു നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
കഴിഞ്ഞ മാസം മറ്റൊരു കൈവശാവകാശരേഖ നല്‍കുന്നതിനായി പരാതിക്കാരനില്‍നിന്ന് വര്‍ഗീസ് 5,00 രൂപ കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തിങ്കളാഴ്ച ഓഫീസിലെത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തപ്പോള്‍ പരാതിക്കാരന്‍ തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ജിം പോളിനെ അറിയിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പരാതിക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. തിങ്കളാഴ്ച രാവിലെ 10.30-ന് കുറ്റിച്ചിറ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന താത്കാലിക കെട്ടിടത്തിനു സമീപത്തെ ശൗചാലയത്തിനടുത്ത് കൈക്കൂലി വാങ്ങവേയാണ് അറസ്റ്റ്. പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വിജിലന്‍സ് സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറായ പ്രദീപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, അസി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു, പോലീസ് ഉദ്യോഗസ്ഥരായ ഗണേഷ്, വിബീഷ്. സൈജു സോമന്‍, അരുണ്‍, സുധീഷ്, സന്ധ്യ എന്നിവരും ഉണ്ടായിരുന്നു. 2023-ല്‍ ഇതുവരെ തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് നടത്തുന്ന നാലാമത്തെ ഓപ്പറേഷനാണിത്.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനുള്ള നമ്പറുകള്‍: 8592900900, ടോള്‍ ഫ്രീ നമ്പര്‍- 1064, വാട്സ് ആപ് നമ്പര്‍- 9447789100.തൃശ്ശൂര്‍ യൂണിറ്റ്: 0487 233 4200 തൃശ്ശൂര്‍ ഡിവൈ.എസ്.പി.- 94475 82434
Content Highlights: special village officer arrested for taking bribe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..