അറസ്റ്റിലായ പ്രതികൾ
കൊച്ചി: വ്യാജവിസ നല്കി സ്പെയിനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേരെ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ജോബിന് മൈക്കിള്‍(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാര്‍(47) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ നല്കിയ വ്യാജവിസയുമായി യാത്രചെയ്ത യുവതി ഉള്‍പ്പെടെയുള്ള മൂന്നുപേരെ അടുത്തിടെ സ്പെയിനില്‍നിന്ന് ഇന്ത്യയിലേക്ക് തന്നെ നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പിന്നീട് പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നതിനുള്ള വിസ ലഭിക്കാന്‍ മതിയായ വിദ്യാഭ്യാസയോഗ്യതയും നടപടിക്രമങ്ങളും ആവശ്യമാണ്. എന്നാല്‍ തട്ടിപ്പുസംഘം വ്യാജരേഖകള്‍ നല്കി വ്യാജവിസ സ്വന്തമാക്കുകയും ലക്ഷങ്ങള്‍ ഈടാക്കി ഇത് മറ്റുള്ളവര്‍ക്ക് നല്‍കുകയുമായിരുന്നു. ആറുലക്ഷം രൂപ വീതമാണ് തട്ടിപ്പിനിരയായവര്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നത്.
പ്ലസ്ടു മാത്രം യോഗ്യതയുള്ളവരാണ് വ്യാജ വിസ ചതിയില്‍ കുടുങ്ങിയത്. വിസ വ്യാജമാണെന്നറിയാതെ സ്പെയിനിലെത്തിയ ഇവരെയെല്ലാം പിന്നീട് തിരികെ നാട്ടിലേക്ക് തന്നെ കയറ്റിവിടുകയായിരുന്നു. വിസ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ കബളിപ്പിച്ചാണ് പ്രതികള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതെന്നും വ്യാജവിസ നല്‍കിയതെന്നും പോലീസ് പറഞ്ഞു.
മനുഷ്യക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ട കൂടുതല്‍ ഏജന്റുമാരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ഏജന്റുമാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ആര്. രാജീവ്, എസ്.ഐ. ടി.എം. സൂഫി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: spain visa fraud human trafficking case two arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..