.
ബെംഗളൂരു : സ്വത്തുതർക്കത്തെത്തുടർന്ന് ഒരുകോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബെംഗളൂരു മാറത്തഹള്ളി സ്വദേശിയായ മണികണ്ഠയാണ് (32) അറസ്റ്റിലായത്. ഫെബ്രുവരി 13-നാണ് മണികണ്ഠയുടെ അച്ഛൻ നാരായണസ്വാമി (70) കൊല്ലപ്പെട്ടത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ടുവാടകക്കൊലയാളികൾ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മുഖ്യസൂത്രധാരൻ മണികണ്ഠയാണെന്ന് വ്യക്തമായത്. ഒരുകോടി രൂപയ്ക്ക് പുറമേ രണ്ടു വാടകക്കൊലയാളികൾക്കും ഒരോ ഫ്ലാറ്റുവീതം നൽകാമെന്നും ഇയാൾ വാഗ്‌ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മണികണ്ഠ ഏതാനുംവർഷം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം അർച്ചന എന്ന മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും മണികണ്ഠ അർച്ചനയെ കുത്തിപ്പരിക്കേൽപ്പിക്കുകയുംചെയ്തു. പിന്നീട് യുവതി മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ ഒരു ഫ്ലാറ്റ് അർച്ചനയ്ക്ക് എഴുതിക്കൊടുക്കാൻ നാരായണസ്വാമി തീരുമാനിച്ചു. ഇതോടെയാണ് അച്ഛനെ വാടകക്കൊലയാളികളെവിട്ട് കൊലപ്പെടുത്താനുള്ള പദ്ധതി മണികണ്ഠ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നാരായണ സ്വാമിക്കുണ്ടായിരുന്ന സ്വത്തുക്കൾ അയാളുടെ മരണത്തോടെ തന്റെ കൈവശമാകുമെന്നും മണികണ്ഠ കണക്കുകൂട്ടിയിരുന്നു. ഫ്ലാറ്റിന്റെ രജിസ്‌ട്രേഷന് വീട്ടിൽ നിന്നിറങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ വാടകക്കൊലയാളികൾ നാരായണസ്വാമിയെ കുത്തിവീഴ്ത്തിയത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരിച്ചു.
സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാടകക്കൊലയാളികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. നാരായണസ്വാമിയെ കൊലപ്പെടുത്തിയതിന് സമാനമായി അമ്മയെ കൊലപ്പെടുത്താനും മണികണ്ഠ തീരുമാനിച്ചിരുന്നതായി വൈറ്റ്ഫീൽഡ് ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. മാറത്തഹള്ളി പോലീസാണ് കേസ് അന്വേഷിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..