ശശീന്ദ്രൻ, മയൂർനാഥ് | Photo: Mathrubhumi news screengrab
തൃശ്ശൂര്‍: തൃശ്ശൂര്‍ അവണൂരില്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ രക്തം ഛര്‍ദിച്ച് മരിച്ചശേഷം പ്രതി മയൂര്‍നാഥ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വയറുവേദനയുണ്ടെന്ന് പറഞ്ഞ് പ്രതി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വീട്ടിലുള്ള എല്ലാവരും ഇഡ്ഡലി കഴിച്ചെങ്കിലും പ്രതിമാത്രം കഴിച്ചിരുന്നില്ല. വയറിന് പറ്റില്ലെന്നാണ് കഴിക്കാത്തതിന് കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍, പോലീസ് ഇത് വിശ്വസിച്ചിരുന്നില്ല. ഇഡ്ഡലിയുടെ മാവ് വീട്ടില്‍ത്തന്നെ ഉണ്ടാക്കിയതായതിനാല്‍ ഭക്ഷ്യവിഷബാധാസാധ്യത കുറവായിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഡോക്ടര്‍മാരും തള്ളിയതോടെ സംഭവം കൊലപാതകമെന്ന സംശയം പോലീസിന് ശക്തമായി. ഇതേത്തുടര്‍ന്നാണ് പ്രതിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ശക്തമാക്കിയത്.
ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, ഇവരുെട വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച തെങ്ങുകയറ്റത്തൊഴിലാളികളായ ചന്ദ്രന്‍, ശ്രീരാമചന്ദ്രന്‍ എന്നിവരെ സമാനമായ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശശീന്ദ്രന്റെ മരണകാരണം സ്ഥിരീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ചികിത്സയിലുള്ളവരുടെ രക്തപരിശോധനാഫലവും വരാനുണ്ട്. ഭക്ഷണസാമ്പിളിന്റെ പരിശോധനാഫലവും ലഭിച്ചിട്ടില്ല.
ശശീന്ദ്രന്റെമൃതദേഹം സംസ്‌കരിച്ചു
മുളങ്കുന്നത്തുകാവ്: ശശീന്ദ്രന്റെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിച്ചു. ശശീന്ദ്രന് യാത്രാമൊഴിയേകാനായി ഭാര്യ ഗീതയെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു. തനിയെ നടക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലുള്ള ഗീത നഴ്‌സുമാരുടെയും മറ്റും സഹായത്തോടെയാണ് ശശീന്ദ്രന് പ്രണാമമര്‍പ്പിച്ചത്.
രണ്ടുമണിയോടെ എത്തിയ ഗീത 20 മിനിറ്റോളം വീട്ടില്‍ ചെലവഴിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയി. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അമ്മ കമലാക്ഷിയെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഒരുമണിയോടെയാണ് ശശീന്ദ്രന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. രണ്ടരയോടെ സംസ്‌കരിച്ചു. മകന്‍ മയൂര്‍നാഥ് ആണ് കര്‍മങ്ങള്‍ ചെയ്തത്.
Content Highlights: son, kills father, thrissur, avanoor, food, poison


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..