സരിത എസ്.നായർ, ബിജു രാധാകൃഷ്ണൻ | ഫയൽചിത്രം
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്കി. കേസില്‍ ഫെബ്രുവരി 25-ന് വിധി പറയും.
സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണ് വ്യാഴാഴ്ച പരിഗണിച്ചത്. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്. നായരും കോടതിയില്‍ ഹാജരായിരുന്നില്ല.
കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. ബിജു രാധാകൃഷ്ണന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന് പറഞ്ഞു. എന്നാല്‍ സരിതയുടെ അഭിഭാഷകന് ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന് പറഞ്ഞു. തുടര്‍ന്നാണ് സരിത, ബിജു രാധാകൃഷ്ണന്, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കിയത്. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വിധി പറയാനായി ഫെബ്രുവരി 25-ലേക്ക് മാറ്റി.
Content Highlights: solar scam case in kozhikode court revoked saritha s nair and biju radhakrishnan bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..