പ്രതികളായ സിജി, ജോൺസൺ, വിനീഷ്, സുനിൽകുമാർ, ഷിബു, ബിബിൻ എന്നിവർ
മാന്നാര്‍(ആലപ്പുഴ): മദ്യംവാങ്ങാന്‍ പണംചോദിച്ചിട്ടു കൊടുക്കാഞ്ഞതിന്റെ വൈരാഗ്യത്തിനു മാരകായുധവുമായി അക്രമം നടത്തിയ ആറുപേരെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളുടെ അക്രമത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടില്‍ സിജി (37), പൂയപ്പള്ളില്‍ ജോണ്‍സണ്‍(31) വെട്ടുകുളഞ്ഞിയില്‍ വിനീഷ് (ഉണ്ണിബോസ് - 47), കാരാഴ്മ പൗവത്തില്‍ സുനില്‍ കുമാര്‍(39), ചെന്നിത്തല ഒരിപ്രം കണ്ടത്തില്‍ ഷിബു (34), ദ്വാരകയില്‍ ബിബിന്‍ (32) എന്നിവരെയാണു മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തത്.
ചെന്നിത്തല ഒരിപ്രം പൈനുമ്മൂട്ടില്‍ ഗോപാലകൃഷ്ണന്‍ (45), വലിയകുളങ്ങര ആയില്യം വീട്ടില്‍ അമിത് (30) മാന്നാര്‍ കുട്ടമ്പേരൂര്‍ തയ്യില്‍ വീട്ടില്‍ നിഖില്‍ (28)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ അക്രമത്തിനിരയായവര്‍ നടത്തുന്ന ചെന്നിത്തല ഒരിപ്രം എസ്.കെ. ഹോളോ ബ്രിക്‌സ് കമ്പനിക്കു സമീപമെത്തിയാണു പ്രതികള്‍ ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. പോലീസ് പറയുന്നതിങ്ങനെ:
ആക്രമിക്കപ്പെട്ടവരോടു പ്രതികള്‍ മദ്യംവാങ്ങാന്‍ 5,000 രൂപ ഫോണില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ കൈയില്‍ പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ പ്രതികള്‍ ഇവരുടെ അടുത്തെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു.
അക്രമത്തില്‍ മൂന്നുപേര്‍ക്കും കത്തികൊണ്ട് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഒരാള്‍ക്കു നെഞ്ചിനു താഴെ വാരിയെല്ലിനു സമീപത്തായാണു മുറിവേറ്റിട്ടുള്ളത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു.
ആക്രമിക്കപ്പെട്ടവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ പ്രതികള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തി പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു. പ്രതികളില്‍ ബിബിന്‍ ഒഴികെയുള്ളവര്‍ ഒട്ടേറെ കേസുകളില്‍ പ്രതികളും ജാമ്യത്തിലിറങ്ങി നടക്കുന്നവരുമാണ്. സിജി മാന്നാര്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളും ഉണ്ണിബോസ് ചെന്നിത്തലയില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കുകയും ഗുണ്ടാ ആക്ട് ചുമത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു പോലീസ് പറഞ്ഞു.
ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, എസ്.ഐ. മാരായ ബിജുക്കുട്ടന്‍, ജോസി, ഗ്രേഡ് എ.എസ്.ഐ. മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജിദ്, അജിത് ഹരിപ്രസാദ്, ഹോം ഗാര്‍ഡ് വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: six arrested in attack case alappuzha mannar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..