1. മർദനത്തിന്റെ ദൃശ്യം 2. പ്രതി സി.എച്ച്. ഇബ്രാഹിം ഷബീർ 3. പരാതിക്കാരി | Screengrab: Mathrubhumi News
കൊച്ചി: മലപ്പുറം തേഞ്ഞിപ്പലത്ത് സഹോദരിമാരായ യുവതികളെ നടുറോഡില്‍ മര്‍ദിച്ച കേസില്‍ പ്രതിക്ക് ഇടക്കാല ജാമ്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനാണ് മെയ് 19 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇക്കാലയളവില്‍ പ്രതിയെ അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിടണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇനി വേനലവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.
ഏപ്രില്‍ 16-ന് ദേശീയപാതയില്‍ തേഞ്ഞിപ്പലം പാണമ്പ്രയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടര്‍ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് സി.എച്ച്. ഇബ്രാഹിം ഷബീര്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാര്‍ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം. നേരത്തെ അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തില്‍വെച്ച് ഷബീര്‍ കാര്‍ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ യുവാവ് പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാള്‍ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് ഒതുക്കിതീര്‍ക്കാനാണ് പോലീസ് ശ്രമിച്ചതെന്നായിരുന്നു സഹോദരിമാരുടെ പരാതി. പ്രതിക്കെതിരേ നിസ്സാര വകുപ്പുകള്‍ ചുമത്തിയ പോലീസ്, ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും പോലീസ് തയ്യാറായത്. കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതോടെ പ്രതി ഇബ്രാഹിം ഷബീര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, പ്രതിക്ക് ജാമ്യം ലഭിക്കാനായി പോലീസ് മനഃപൂര്‍വം നടപടികള്‍ വൈകിപ്പിച്ചോ എന്ന സംശയമുണ്ടെന്ന് പരാതിക്കാരിയായ അസ്ന അസീസ് പ്രതികരിച്ചു. 'ഞങ്ങള്‍ കുറേയായി ഈ കേസിനെ പിറകെ നടക്കുന്നു. ഇന്നാണ് അവര്‍ ജാമ്യത്തിന് സമീപിച്ചത് പോലും ഞങ്ങള്‍ അറിഞ്ഞത്. പ്രതിയെ ആദ്യം അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. പിന്നീട് ഞങ്ങള്‍ക്കെതിരേ സൈബര്‍ ആക്രമണമായിരുന്നു. കേസില്‍ തെളിവുകളടക്കം കൈമാറിയിട്ടും പോലീസ് ഒന്നും ചെയ്തില്ല. പൈസയുള്ളവര്‍ക്കും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും മാത്രമാണ് നിയമമുള്ളതെന്നാണ് ഇതിലൂടെ ഞങ്ങള്‍ക്ക് മനസിലാകുന്നത്. കേസില്‍ ഇപ്പോഴും ഒരു പുരോഗതിയുമില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് ഇത്രയും ഇടപെട്ടത്. പോലീസ് അലസമായാണ് കേസ് കൈകാര്യം ചെയ്യുന്നത്. ഒരുവിവരവും ഞങ്ങള്‍ക്ക് നല്‍കുന്നില്ല. അങ്ങോട്ട് വിളിച്ചുചോദിച്ചാല്‍ മാത്രമേ ഉത്തരം കിട്ടുന്നുള്ളു.- അസ്ന അസീസ് പറഞ്ഞു.
Content Highlights: sisters attacked in thenjippalam malappuram high court granted interim bail to accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..