അബൂബക്കർ സിദ്ദീഖിനെ ആശുപത്രിയിൽ എത്തിക്കുന്ന സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖ്
കാസര്‍കോട്: കുമ്പള സീതാംഗോളി മുഗുറോഡിലെ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വെച്ച് കൊലപ്പെടുത്തിയത് രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന്. പണം തിരിച്ചുപിടിക്കാന്‍ അവര്‍ പൈവളിഗെയില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ മുംബൈയില്‍ അറസ്റ്റിലായ പൈവളിഗെ സ്വദേശിയുമായി ബന്ധമുള്ള മൂന്നുപേര്‍ സിദ്ദീഖ് കൊലക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മഞ്ചേശ്വരം സ്വദേശികളാണ് ഇത് സംബന്ധിച്ച ക്വട്ടേഷന്‍ നല്‍കിയത്. നേരിട്ടും അല്ലാതെയും പത്തോളം പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെല്ലാം മുന്‍പ് വിവിധ കേസുകളില്‍ പ്രതികളായിരുന്നു. എല്ലാവരുടെയും വീടുകളില്‍ തിങ്കളാഴ്ച പോലീസ് റെയ്ഡ് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നുപേരുടെ മൊഴിയെടുത്തു. സിദ്ദീഖുമായി സംഘം ആസ്പത്രിയില്‍ എത്തിയതെന്ന് കരുതുന്ന കാറും പോലീസ് കണ്ടെത്തി. പണമിടപാട് സംബന്ധിച്ച പ്രശ്നത്തില്‍ ക്വട്ടേഷന്‍ സംഘവുമായി രണ്ടു ദിവസം മുന്‍പ് മധ്യസ്ഥചര്ച്ചയ്ക്കുപോയ രണ്ടുപേരെ കൊണ്ടുപോയയാളുടെയും ഗള്‍ഫില്‍നിന്നെത്തിയ സിദ്ദീഖിനെ പൈവളിഗെയിലേക്ക് കൂട്ടിക്കൊണ്ടുപോയ ആളുടെയും മൊഴിയാണ് ശേഖരിച്ചത്. ഇവര്‍ കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലാത്തവരാണെന്നാണ് അറിയുന്നത്.
ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷപ്പെട്ട സിദ്ദീഖിന്റെ സഹോദരന് അന്‍വറും സുഹൃത്ത് അന്‍സാരിയും മംഗളൂരുവിലെ ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തി.
ക്വട്ടേഷന്‍ ഏല്പിച്ചവര്ക്ക് കൈമാറിയത് മൃതദേഹം
പൈവളിഗെയിലെ രഹസ്യകേന്ദ്രത്തില്‍ തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തുന്നതിനിടയില്‍ സിദ്ദീഖ് മരിച്ചെന്ന് തിരിച്ചറിഞ്ഞ ക്വട്ടേഷന്‍സംഘം മഞ്ചേശ്വരം സ്വദേശികളെ വിളിച്ചുവരുത്തി മൃതദേഹം കൈമാറുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. സിദ്ദീഖിന്റെ ബോധം പോയെന്നും ഉടന്‍ ആസ്പത്രിയിലെത്തിക്കണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം സംഘമെത്തിയത്. ആസ്പത്രിയിലെത്തിച്ച ഉടന്‍ അവര്‍ കടന്നുകളഞ്ഞു. മഞ്ചേശ്വരം സംഘം ദേശീയപാതയിലൂടെ വടക്കോട്ടും പൈവളിഗെയിലെ ക്വട്ടേഷന്‍സംഘം കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്കും രക്ഷപ്പെട്ടതായാണ് സി.സി.ടി.വി. പരിശോധനയില്‍ പോലീസ് കണ്ടെത്തിയത്. തലച്ചോറിനേറ്റ ക്ഷതമാണ് സിദ്ദീഖിന്റെ മരണകാരണമെന്നാണ് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
അതിനിടെ കേസിന്റെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പതിനാലംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന് നായര്‍, ഡി.സി.ആര്.ബി. ഡിവൈ.എസ്.പി. യു. പ്രേമന്, കുമ്പള ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സി.കെ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പരേതനായ അബ്ദുള്‍ റഹിമാന്റെയും ഖദീജയുടെയും മകനാണ് സിദ്ദീഖ്. ഭാര്യ: മുനൈസ. മകള്‍: മഹ്സ. സഹോദരങ്ങള്‍: അന്‍വര്‍, ഷാഫി, ലത്തീഫ്, സലിം, ഉനൈസ്, നസീമ.
തടങ്കലില്‍ ഏല്‍ക്കേണ്ടിവന്നത് കൊടിയ പീഡനം
കാസര്‍കോട് : സിദ്ദീഖിന് പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മാഫിയാസംഘത്തില്നിന്ന് ഏല്‍ക്കേണ്ടിവന്നത് കൊടിയ ശാരീരികപീഡനം.
ആള്‍ത്താമസമില്ലാത്ത വീട്ടിലെ വിശാലമായ പറമ്പായതിനാല് നിലവിളി ആരും കേള്‍ക്കാനുണ്ടായിരുന്നില്ല.
കാല്‍വെള്ളയിലും അരക്കെട്ടിലും മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കേറ്റ അടിയാണ് സിദ്ദീഖിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന.
രണ്ട് ദിവസം മുന്‍പ് സംഘം തടങ്കലിലാക്കിയ അന്‍സാരിയെയും സംഘം ക്രൂരമായി അക്രമിച്ചു. അരവരെ മണ്ണില്‍ കിടത്തി കാലില്‍ കയര്‍ കെട്ടി മരത്തിലേക്ക് ഉയര്ത്തിവെച്ചായിരുന്നു മര്‍ദനമെന്ന് അന്‍സാരി പോലീസില്‍ മൊഴിനല്‍കി.
പൈവളികയില്‍ നിന്ന് ഓട്ടോയില്‍ ആസ്പത്രിയിലെത്തിയപ്പോഴാണ് സിദ്ദീഖ് മരിച്ച വിവരം സഹോദരന് അന്‍വറും അന്‍സാരിയും അറിയുന്നതെന്ന് പോലീസ് പറഞ്ഞു.
കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും സംഭവം നടന്ന സ്ഥലം മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലായിനാല് കേസ് അങ്ങോട്ടേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
ദുരൂഹത കണ്ടെത്തണം-ഡി.വൈ.എഫ്.ഐ.
കാസര്‍കോട് : കുമ്പള പുത്തിഗെയിലെ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തണം. ജില്ലയുടെ വടക്കേയറ്റം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍-മാഫിയാ സംഘങ്ങള്‍ നാടിന്റെ സമാധാനം കെടുത്തുകയാണ്.
ഇതിനു പിന്നലുള്ള സ്വാധീന ശക്തികളെയുള്പ്പെടെ മുഴുവന്‍ ക്രിമിനലുകളെയും പിടിക്കണം.
ക്വട്ടേഷന്‍ മാഫിയാ സംഘങ്ങള്‍ക്കെതിരേ യുവജനങ്ങളെ അണിനിരത്തി വിപുലമായ കാമ്പയിന് ഏറ്റെടുക്കുമെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ ഭാരവാഹികള്‍ പ്രസ്താവിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..