ദിവ്യ ഹഗരഗി
ബെംഗളൂരു: കര്‍ണാടകത്തിലെ എസ്.ഐ. നിയമനപരീക്ഷാക്രമക്കേട് കേസില്‍ ബി.ജെ.പി. വനിതാനേതാവ് അറസ്റ്റില്‍. മുഖ്യപ്രതിയായ ദിവ്യ ഹഗരഗിയെ സി.ഐ.ഡി. സംഘം മഹാരാഷ്ട്രയില്‍നിന്നാണ് അറസ്റ്റുചെയ്തത്. ബന്ധുക്കളുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പുണെയില്‍നിന്ന് പിടിയിലായത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരെയും കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ ദിവ്യ ഹഗരഗിയുടെ ഉടമസ്ഥതയിലുള്ള ജ്ഞാനജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ്.
മഹിളാമോര്‍ച്ച മുന്‍ ജില്ലാപ്രസിഡന്റുകൂടിയായ ദിവ്യയെ അറസ്റ്റുചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഉന്നതനേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് അറസ്റ്റുവൈകുന്നതെന്നായിരുന്നു ആരോപണം. ദിവ്യ അറസ്റ്റിലായതോടെ അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തിയെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
അതേസമയം, ദിവ്യ ഹഗരഗി അറസ്റ്റിലായതോടെ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇവരുടെ ഉടമസ്ഥതയിലുള്ള കലബുറഗിയിലെ ജ്ഞാനജ്യോതി സ്‌കൂള്‍ ക്രമക്കേടിന്റെ പ്രധാനകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു. പരീക്ഷാകേന്ദ്രമായിരുന്ന ഇവിടെ പരീക്ഷയെഴുതിയ 11 പേരുടെ ഉത്തരക്കടലാസിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. ബ്ലൂടൂത്ത് ഉപകരണംവഴി പുറത്തുനിന്ന് ഉത്തരം പറഞ്ഞുകൊടുത്തും ഉത്തരക്കടലാസില്‍ മാറ്റംവരുത്തിയുമായിരുന്നു ക്രമക്കേട്.
എസ്.ഐ. നിയമനപരീക്ഷ റദ്ദാക്കി
വ്യാപകക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്.ഐ. നിയമനപരീക്ഷ സര്‍ക്കാര്‍ റദ്ദാക്കി. രണ്ടുമാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്നും പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍നടന്ന പരീക്ഷയില്‍ 54,289 പേരാണ് എഴുതിയത്. 545 തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്. സര്‍ക്കാര്‍തീരുമാനത്തിനെതിരേ ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: si exam fraud in karnataka bjp leader arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..