ശ്രദ്ധയും അഫ്താബും | Photo: Instagram/thatshortrebel
ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് അമീന്‍ പൂനെവാലയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കും. തിങ്കളാഴ്ചയാണ് നാര്‍ക്കോ അനാലിസിസ് നടത്തുകയെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. രോഹിണിയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലായിരിക്കും പരിശോധന.
കഴിഞ്ഞദിവസങ്ങളില്‍ അഫ്താബിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും പരിശോധന കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. പോളിഗ്രാഫ് പരിശോധനയിലെ ചോദ്യങ്ങള്‍ മുന്‍കൂട്ടി കണ്ട പ്രതി, ഉത്തരം പറയേണ്ട രീതി ഉള്‍പ്പെടെ പരിശീലിച്ചിരുന്നതായാണ് ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രതിക്ക് പനിയായതിനാല്‍ വ്യാഴാഴ്ച പോളിഗ്രാഫ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളിയാഴ്ച മൂന്ന് മണിക്കൂര്‍ കൂടി പരിശോധന നടന്നു. അതേസമയം, പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ശക്തമായ ചുമയും മറ്റും അനുഭവപ്പെട്ടതിനാല്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ശ്രദ്ധയുമായുള്ള അടുപ്പം, ബന്ധത്തില്‍ വിള്ളലുണ്ടാകാനുള്ള കാരണങ്ങള്‍, കൊലപാതകം നടത്തിയരീതി, മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പോളിഗ്രാഫ് പരിശോധനയില്‍ ചോദ്യങ്ങളുണ്ടായെന്നാണ് വിവരം. ദൃശ്യം സിനിമ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമാണ് അഫ്താബ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതിനിടെ ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്ന മറ്റൊരു യുവതി ഡോക്ടറാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെയാണ് സൈക്കോളജിസ്റ്റായ ഈ യുവതിയുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചിരുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കെയാണ് പ്രതി ഈ യുവതിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു. സൈക്കോളജിസ്റ്റായ യുവതിയുമായി ഡല്‍ഹി പോലീസ് സംസാരിച്ചെന്നും മൊഴി രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
ഡേറ്റിങ് ആപ്പ് വഴി ഒട്ടേറെ പെണ്‍കുട്ടികളുമായി അഫ്താബ് അടുപ്പം പുലര്‍ത്തിയിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെ അഫ്താബിന്റെ പ്രൊഫൈല്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി ഡേറ്റിങ് ആപ്പ് കമ്പനിയെയും പോലീസ് സമീപിച്ചിരുന്നു.
Content Highlights: shraddha walker murder case police will conduct narco test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..