അഫ്താബും ശ്രദ്ധയും
ന്യൂഡല്‍ഹി: രണ്ടുതവണ ഫ്ളാറ്റില്‍ വന്നപ്പോളും ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നതിന്റെ യാതൊരു സൂചനയും കിട്ടിയിരുന്നില്ലെന്ന് അഫ്താബിന്റെ പുതിയ കാമുകിയുടെ മൊഴി. അഫ്താബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ലെന്നും ഒക്ടോബര്‍ മാസത്തില്‍ മാത്രം രണ്ടുതവണ താന്‍ ഫ്ളാറ്റില്‍ വന്നിട്ടുണ്ടെന്നും ഡോക്ടറായ യുവതി പോലീസിനോട് പറഞ്ഞു.
ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം അഫ്താബ് തന്റെ പുതിയ കാമുകിയെ ഫ്ളാറ്റില്‍ എത്തിച്ചതായി കണ്ടെത്തിയത്. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പിലൂടെയാണ് സൈക്യാട്രിസ്റ്റായ ഈ യുവതിയുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചത്.
ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം രണ്ടുതവണ പുതിയ കാമുകി അഫ്താബിന്റെ ഫ്ളാറ്റിലെത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ സമയത്ത് മൃതദേഹാവശിഷ്ടങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ മൃതദേഹം സൂക്ഷിച്ചിരുന്നതിനെക്കുറിച്ച് തനിക്ക് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നായിരുന്നു യുവതിയുടെ മൊഴി.
'ഒക്ടോബറില്‍ രണ്ടുവട്ടമാണ് ഫ്ളാറ്റില്‍ വന്നത്. എന്നാല്‍ അഫ്താബിന്റെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല. മുംബൈയിലെ വീടിനെക്കുറിച്ചെല്ലാം അഫ്താബ് പതിവായി സംസാരിച്ചിരുന്നു. ഭയന്നിരിക്കുന്നത് പോലെ ഒരിക്കലും അവനെ കണ്ടിട്ടില്ല. അവന്റെ പെരുമാറ്റവുമെല്ലാം സാധാരണനിലയിലായിരുന്നു. മാനസികാവസ്ഥയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. പെര്‍ഫ്യൂമുകളുടെ ഒരു വലിയ ശേഖരം തന്നെ അഫ്താബിനുണ്ടായിരുന്നു. അവന് പതിവായി തനിക്ക് പെര്‍ഫ്യൂമുകള്‍ സമ്മാനിച്ചിരുന്നു'-യുവതി പോലീസിനോട് പറഞ്ഞു.
സ്ഥിരമായി പുകവലിച്ചിരുന്ന ആളായിരുന്നു അഫ്താബ്. എന്നാല്‍ എപ്പോഴും പുകവലി നിര്‍ത്തുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. വ്യത്യസ്ത രുചികളിലുള്ള ഭക്ഷണം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിവിധ റെസ്റ്റോറന്റുകളില്‍നിന്നുള്ള നോണ്‍ വെജ് വിഭവങ്ങളാണ് അഫ്താബ് ഓര്‍ഡര്‍ ചെയ്തിരുന്നതെന്നും ഷെഫുമാര്‍ വിഭവങ്ങള്‍ അലങ്കരിക്കുന്നതിനെക്കുറിച്ചെല്ലാം തന്നോട് സംസാരിച്ചിരുന്നതായും യുവതി പറഞ്ഞു.
ശ്രദ്ധയ്ക്കൊപ്പം താമസിക്കുന്ന കാലത്തുതന്നെ മറ്റുപെണ്കുട്ടികളുമായും അഫ്താബ് അടുപ്പം സ്ഥാപിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിവിധ ഡേറ്റിങ് ആപ്പുകള്‍ വഴി ഏകദേശം 20 പെണ്‍കുട്ടികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം പുതിയ കാമുകിയെ ഇയാള്‍ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.
അതിനിടെ, കൊലപാതകത്തിന് പിന്നാലെ ശ്രദ്ധ ധരിച്ചിരുന്ന മോതിരം ഇയാള്‍ പുതിയ കാമുകിയ്ക്ക് സമ്മാനിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 12-ാം തീയതിയാണ് ഈ മോതിരം കാമുകിയ്ക്ക് നല്‍കിയത്. പോലീസിന്റെ അന്വേഷണത്തില്‍ ശ്രദ്ധയുടെ മോതിരം പുതിയ കാമുകിയില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
Content Highlights: shraddha walker murder case aftham poonawala new girl friend statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..