അനൂജ്, സ്‌നേഹ | Screengrab Courtesy: Youtube.com/Live Hindustan
ന്യൂഡല്‍ഹി: കോളേജ് കാമ്പസില്‍ പെണ്‍സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ വിദ്യാര്‍ഥി അവസാനമായി ചിത്രീകരിച്ച വീഡിയോ പോലീസ് കണ്ടെടുത്തു. നോയിഡയിലെ ശിവ് നാഡാര്‍ സര്‍വകലാശാലയിലെ മൂന്നാംവര്‍ഷ ബി.എ. വിദ്യാര്‍ഥിയായ അനൂജ് സിങ് കൃത്യം നടത്തുന്നതിന് തൊട്ടുമുന്‍പ് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ഇയാളുടെ ജിമെയില്‍ അക്കൗണ്ടില്‍നിന്നാണ് പോലീസ് സംഘം വീണ്ടെടുത്തത്. 23 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കൊല്ലപ്പെട്ട സ്‌നേഹയെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും താന്‍ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചുമെല്ലാം അനൂജ് വിശദീകരിച്ചിരിക്കുന്നതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
സ്‌നേഹ വന്നതോടെ തന്റെ ജീവിതം പൂര്‍ണമായി മാറിയെന്നും സ്‌നേഹയാണ് തന്നോട് ആദ്യം പ്രണയാഭ്യര്‍ഥന നടത്തിയതെന്നുമാണ് വീഡിയോയില്‍ പറയുന്നത്. കോളേജിലെ ഒരു ജീവനക്കാരനുമായി സ്‌നേഹ അടുപ്പത്തിലായെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും അവള്‍ ശിക്ഷിക്കപ്പെടേണ്ടവളാണെന്നും യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു.
''ഞാന്‍ ദേശീയതലത്തിലുള്ള കായികതാരമാണ്. കോളേജില്‍ചേര്‍ന്നതിന് ശേഷമാണ് ഞാന്‍ സ്‌നേഹയെ കാണുന്നത്. അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നതോടെ എല്ലാം മാറി''- അനൂജ് പറഞ്ഞു.തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും അധികകാലം ജീവിച്ചിരിക്കില്ലെന്നുമാണ് അനൂജ് അവകാശപ്പെടുന്നത്. സ്‌നേഹയ്ക്ക് കോളേജിലെ ഒരു ജീവനക്കാരനുമായി അടുപ്പമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
സഹോദരിയെ അവരുടെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായും ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതോടെ അമ്മാവന്‍ ഹൃദയാഘാതം വന്ന് മരിച്ചതായും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.. നേരത്തെ അനുഭവിച്ച മാനസികപ്രയാസങ്ങളില്‍നിന്നെല്ലാം മുക്തമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌നേഹയെ കണ്ടത്. അവളുടെ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ സഹായിച്ചു. ഇതിലൂടെ തങ്ങള്‍ക്കിടയിലുള്ള ബന്ധം വളരുകയും സ്‌നേഹ തന്നോട് പ്രണയാഭ്യര്‍ഥന നടത്തുകയുമായിരുന്നു. താന്‍ അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ കാരണം സ്‌നേഹയുടെ പ്രണയാഭ്യര്‍ഥന സ്വീകരിക്കാന്‍ ആദ്യം മടിച്ചു. എന്നാല്‍ പിന്നീട് പ്രണയാഭ്യര്‍ഥന സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും അടുപ്പത്തിലായെങ്കിലും വൈകാതെ തന്നെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും തുടങ്ങി. രണ്ടുപേരും തമ്മില്‍ വഴക്കിടുന്നതും പതിവായി. അമ്മാവന്റെ മരണവിവരമറിഞ്ഞ് താന്‍ വീട്ടില്‍പോയതിന് ശേഷമാണ് സ്‌നേഹ തന്നെ വഞ്ചിക്കാന്‍ തുടങ്ങിയതെന്നും അനൂജ് പറയുന്നു.
അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് താന്‍ വീട്ടിലേക്ക് പോയിരുന്നു. ഇതിനുശേഷമാണ് സ്‌നേഹ തന്നെ വഞ്ചിക്കാന്‍ തുടങ്ങിയത്. താന്‍ ഉറങ്ങിയതിന് ശേഷം അവള്‍ പതിവായി കോളേജിലെ ഒരു ജീവനക്കാരനെ കാണാന്‍ പോയി. നിങ്ങള്‍ക്ക് വേണമെങ്കില്‍ സിസിടിവി പരിശോധിക്കാം. തന്നെ കാണാന്‍ വരുമ്പോള്‍ അവള്‍ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്യും. ഇത് തന്നെ പൂര്‍ണമായും തകര്‍ത്തു. അവള്‍ തന്നെയാണ് വേര്‍പിരിയാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ മറ്റൊരാളുമായുള്ള അടുപ്പത്തിന് പകരം താന്‍ വിഷാദത്തിലാണെന്നായിരുന്നു അവള്‍ കാരണമായി പറഞ്ഞത്. അത് തന്നെ ഏറെ വേദനിപ്പിച്ചതായും യുവാവ് പറയുന്നു. സ്‌നേഹയുടെ മാതാപിതാക്കളോടും സ്വന്തം മാതാപിതാക്കളോടും അനൂജ് വീഡിയോയില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ കാമുകനെയും സ്‌നേഹ ഉപേക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശിവ് നാഡാര്‍ സര്‍വകലാശാല കാമ്പസിലെ വിദ്യാര്‍ഥിനിയായ സ്‌നേഹ ചൗരാസിയയെ സഹപാഠിയായ അനൂജ് സിങ് വെടിവെച്ച് കൊലപ്പെടുത്തിയത്. കാമ്പസിലെ ഡൈനിങ് ഹാളിന് പുറത്തുവെച്ചായിരുന്നു സംഭവം. ആലിംഗനം ചെയ്തതിന് പിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് അനൂജ് സ്‌നേഹയെ വെടിവെച്ച് കൊന്നത്. പിന്നാലെ അനൂജിനെ ഹോസ്റ്റല്‍ മുറിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
സഹപാഠികളായിരുന്ന അനൂജും സ്‌നേഹയും ഒന്നരവര്‍ഷത്തോളം അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. ഇതോടെയാണ് അനൂജ് സ്‌നേഹയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി കമ്മീഷണര്‍ സാദ് മിയാഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അനൂജ് എവിടെനിന്നാണ് നാടന്‍തോക്ക് സംഘടിപ്പിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. തോക്കുമായി എങ്ങനെയാണ് കാമ്പസിനകത്തേക്ക് പ്രവേശിച്ചതെന്നും വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ചെല്ലാം അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മുറിയില്‍നിന്ന് ലഭിച്ച ബാഗും മറ്റുവസ്തുക്കളും ഫൊറന്‍സിക് പരിശോധനയ്ക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.
Content Highlights: shiv nadar university sneha chaurasia murder case accused anuj singh video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..