-
ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ഉപാധികളോടെയാണ് സുപ്രീം കോടതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്. ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ വിചാരണ ഉടനെയൊന്നും പൂര്‍ത്തിയാകില്ലെന്നും സാക്ഷികളില്‍ പകുതി പേരുടെ മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, വിചാരണയെ ബാധിക്കുമെന്നതിനാല്‍ കേസിന്റെ മെറിറ്റില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊലക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ ആറര വര്‍ഷമായി ഇന്ദ്രാണി മുഖര്‍ജി ജയിലിലാണ്.
2012-ല്‍ മകള്‍ ഷീന ബോറയെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷം സൂക്ഷിച്ച കൊലപാതകരഹസ്യം 2015-ല്‍ മറനീക്കി പുറത്തുവന്നു. ഡ്രൈവര്‍ ശ്യാംവര്‍ റായ് മറ്റൊരു കേസില്‍ പിടിയിലായതോടെയാണ് ഏവരും ഞെട്ടിയ കൊലക്കേസിന്റെ വിവരം രാജ്യമറിഞ്ഞത്.
കേസില്‍ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയും ഇന്ദ്രാണിയുടെ ഭര്‍ത്താവുമായിരുന്ന പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. പീറ്റര്‍ മുഖര്‍ജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ പലതവണ ജാമ്യം തേടി ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐ. കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നിലവില്‍ ബൈക്കുള ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..