കൊല്ലപ്പെട്ട ഷാരോണും പ്രതി ഗ്രീഷ്മയും | ഫയൽചിത്രം
നെയ്യാറ്റിന്‍കര: പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണത്തടവുകാരായി ജയിലില്‍ക്കഴിയുന്ന സുഹൃത്ത് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ മൂന്നു ദിവസം ബാക്കിനില്‍ക്കേയാണ് നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഡിവൈ.എസ്.പി. വി.ടി.രാശിത്തും സംഘവും ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രം സ്വീകരിച്ച മജിസ്ട്രേറ്റ് എം.യു.വിനോദ് ബാബു കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് 27-ലേക്കു മാറ്റിവച്ചു.
പ്രതികളായ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവര്‍ ജയിലിലാണ്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് പ്രതികള്‍ അര്‍ഹരാവും. ഇതു മുന്‍നിര്‍ത്തിയാണ് നിശ്ചിത കാലാവധിക്കു മുമ്പ്, 87-ാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഷാരോണിനെ പ്രതികള്‍ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് 62 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം(302), കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍(364), വിഷം നല്‍കി കൊലപ്പെടുത്തല്‍(328), തെളിവുനശിപ്പിക്കല്‍(201), കുറ്റം ചെയ്തതു മറച്ചുവയ്ക്കല്‍(203) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിനൊപ്പം ആയിരത്തഞ്ഞൂറോളം പേജുകളുള്ള രേഖകളും അനുബന്ധ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.
ജാതകദോഷം തീര്‍ക്കാന്‍ കൊലപാതകം
കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോണ്‍ രാജിനെ സെക്‌സ് ചാറ്റിലൂടെയും മറ്റും ആകര്‍ഷിച്ച് ഗ്രീഷ്മ ഒക്ടോബര്‍ 14-ന് രാവിലെ പത്തരയ്ക്ക് തന്ത്രത്തില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കീടനാശിനി കയ്പുള്ള കഷായത്തില്‍ കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് േപ്രാസിക്യൂഷന്‍ കേസ്. അമ്മാവന്‍ നിര്‍മ്മല കുമാരന്‍ വഴിയാണ് കീടനാശിനി സംഘടിപ്പിച്ചതെന്നും തെളിവുനശിപ്പിക്കാന്‍ അമ്മ സിന്ധുവും നിര്‍മ്മല കുമാരനും സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജാതകത്തിലുണ്ടായിരുന്നു. ഈ ദോഷം തീര്‍ക്കാന്‍ ഗ്രീഷ്മയെ അമ്മയും അമ്മാവനും ചേര്‍ന്ന്, സംഭവം നടക്കുന്നതിന് ആറു മാസം മുന്‍പ്, ഷാരോണുമായി രഹസ്യവിവാഹം നടത്തി. ആദ്യ വിവാഹം ഒഴിപ്പിക്കാനായി മൂവരും ചേര്‍ന്ന് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ ഒക്ടോബര്‍ 25-ന് മരിച്ചു. ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്.
ഒക്ടോബര്‍ 30-ന് ഗ്രീഷ്മയും 31-ന് അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല കുമാരനും അറസ്റ്റിലായി.
62 പേജുള്ള കുറ്റപത്രം, 142 സാക്ഷികള്‍
നെയ്യാറ്റിന്‍കര: വിചാരണഘട്ടത്തില്‍ നിര്‍ണായകമാവുന്ന ശാസ്ത്രീയത്തെളിവുകളടങ്ങിയ െഫാറന്‍സിക് റിപ്പോര്‍ട്ടില്ലാതെയാണ് ഷാരോണ്‍ രാജ് കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ഈ മാസം 27-ന് പരിഗണിക്കുമ്പോള്‍ െഫാറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് ബാബു അന്വേഷണസംഘത്തലവനായ ഡിവൈ.എസ്.പി. രാശിത്തിനോട് ആവശ്യപ്പെട്ടു.
62 പേജുള്ള കുറ്റപത്രം ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേജുള്ള രേഖയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.
അഡീഷണല്‍ എസ്.പി. സുല്‍ഫിക്കറാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചത്. എസ്.ഐ.മാരായ ഷാജഹാന്‍, സജി, എ.എസ്.ഐ. ഷാബു, വനിതാ സിവില്‍ പോലീസ് ഓഫീസറായ ഷിംലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛന്‍ ജയരാജന്റെ ആവശ്യപ്രകാരം വിനീതാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാകുന്നത്. എന്നാല്‍, അദ്ദേഹം കുറ്റപത്രം സമര്‍പ്പിച്ച ദിവസം ഹാജരായില്ല. പകരം അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ലിറ്റില്‍ ഫ്‌ലവറാണ് കോടതിയില്‍ ഹാജരായത്.
തെളിവുകള്‍തേടിബന്ധുക്കളും സുഹൃത്തുക്കളും
പാറശ്ശാല: ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സ തേടിയതുമുതല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഗ്രീഷ്മയെ സംശയമുണ്ടായിരുന്നു. ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് ഷാരോണ്‍ പുറത്തേക്ക് അവശനായാണ് എത്തിയതെന്ന സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
ഷാരോണ്‍ ആശുപത്രിയില്‍വെച്ച് ഗ്രീഷ്മയ്ക്ക് അനുകൂലമായാണ് മൊഴിനല്‍കിയതെങ്കിലും ഇരുവരും തമ്മിലെ തുടര്‍ന്നുള്ള സംസാരം സുഹൃത്തുക്കളും ബന്ധുക്കളും പരമാവധി മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്തു. ഇതു തെളിവുകളാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തിച്ചു.
ഷാരോണിന്റെ മൊബൈല്‍ഫോണില്‍നിന്ന് ഇവര്‍ തമ്മിലുള്ള ചാറ്റുകള്‍ കണ്ടെത്തി പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയത് ബന്ധുക്കളാണ്. ഈ ചാറ്റുകളില്‍ ഷാരോണിനു കഷായം നല്‍കിയതായി ഗ്രീഷ്മ ഷാരോണിനോടു സമ്മതിക്കുന്നതടക്കമുള്ളവ ഉണ്ടായിരുന്നതാണ് കേസില്‍ വലിയ വഴിത്തിരിവായത്.
ഗ്രീഷ്മയുമായിട്ടുള്ള കൂടിക്കാഴ്ചകളും യാത്രകളും ഷാരോണും ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ജ്യൂസ് ചലഞ്ച് നടത്തിയതടക്കം തെളിവുകളായി മാറിയത്.
പ്രതികളെ പിടികൂടി നിശ്ചിതസമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥരോടും ഇതിനുവേണ്ടി പിന്തുണ നല്‍കിയ എല്ലാവരോടും ഷാരോണിന്റെ ബന്ധുക്കള്‍ നന്ദി അറിയിച്ചു. കേസിലെ പ്രതികള്‍ക്ക് കോടതിയില്‍നിന്നു പരമാവധി ശിക്ഷ വാങ്ങിനല്‍കാനുള്ള ശ്രമമായിരിക്കും ഇനി നടത്തുകയെന്ന് ഷാരോണിന്റെ സഹോദരന്‍ ഷിമോന്‍ പറഞ്ഞു.
കേസിന്റെ ആരംഭഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെങ്കിലും തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണവും നടപടികളും പ്രശംസ അര്‍ഹിക്കുന്നതായി ബന്ധുക്കള്‍ പ്രതികരിച്ചു.
Content Highlights: sharon murder-charge sheet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..