കൊല്ലപ്പെട്ട ഷാരോണും പ്രതി ഗ്രീഷ്മയും | ഫയൽചിത്രം
തിരുവനന്തപുരം: ഷാരോൺ വധക്കേസ് ഒന്നാം പ്രതി പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ ആണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏറെ കോളിളക്കവും വിവാദവും സൃഷ്ടിച്ച കേസായിരുന്നു ഷാരോണ്‍ വധക്കേസ്.
കേസ് തെളിയിക്കപ്പെട്ടത് മുതൽ കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. ഗ്രീഷ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാരോൺ രാജിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഈ കാലയളവിലും പ്രതിക്ക് ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് കോടതി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ഇത് കോടതി തള്ളുകയും ചെയ്തു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കീടനാശിനി കയ്പുള്ള കഷായത്തില്‍ കലര്‍ത്തിനല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോണ്‍ രാജിനെ സെക്സ് ചാറ്റിലൂടെയും മറ്റും ആകര്‍ഷിച്ച് ഗ്രീഷ്മ ഒക്ടോബര്‍ 14-ന് രാവിലെ പത്തരയ്ക്ക് തന്ത്രത്തില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമ്മാവന്‍ നിര്‍മ്മല കുമാരന്‍ വഴിയാണ് കീടനാശിനി സംഘടിപ്പിച്ചതെന്നും തെളിവുനശിപ്പിക്കാന്‍ അമ്മ സിന്ധുവും നിര്‍മ്മല കുമാരനും സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജാതകത്തിലുണ്ടായിരുന്നു. ഈ ദോഷം തീര്‍ക്കാന്‍ ഗ്രീഷ്മയെ അമ്മയും അമ്മാവനും ചേര്‍ന്ന്, സംഭവം നടക്കുന്നതിന് ആറു മാസം മുന്‍പ്, ഷാരോണുമായി രഹസ്യവിവാഹം നടത്തി. ആദ്യ വിവാഹം ഒഴിപ്പിക്കാനായി മൂവരും ചേര്‍ന്ന് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ ഒക്ടോബര്‍ 25-ന് മരിച്ചു. ഒക്ടോബര്‍ 30-ന് ഗ്രീഷ്മയും 31-ന് അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല കുമാരനും അറസ്റ്റിലായി.
Content Highlights: Sharon Murder Case, Court Rejected Bail Application Of Accused Greeshma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..