ഗ്രീഷ്മയെ രക്ഷിക്കാന്‍ തിരക്കഥ തയ്യാറാക്കി അമ്മയും അമ്മാവനും;വീഴ്ചയില്ലെന്ന പോലീസ് വാദംതള്ളി കുടുംബം


Photo: Special Arrangement

തിരുവനന്തപുരം: കഷായത്തില്‍ വിഷം ചേര്‍ത്ത് സുഹൃത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റിലായി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെ രാമവര്‍മന്‍ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പുനടത്തി. കഷായത്തില്‍ ചേര്‍ത്ത വിഷത്തിന്റെ കുപ്പി തെളിവെടുപ്പില്‍ കണ്ടെത്തി. വീടിനുസമീപത്തെ കുളത്തില്‍ ഉപേക്ഷിച്ച വിഷക്കുപ്പി നിര്‍മല്‍കുമാറാണ് കാണിച്ചുകൊടുത്തത്.

ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തിലെ തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലീസ് അറസ്റ്റുചെയ്തത്. തെളിവ് നശിപ്പിക്കാനായി കുളത്തില്‍ കുപ്പി ഉപേക്ഷിച്ചതായാണ് നിര്‍മല്‍കുമാര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. വീടിനുസമീപത്തുനിന്ന് കളനാശിനിയുടെ കുപ്പിയുടെ ലേബല്‍ പോലീസ് കണ്ടെടുത്തു. വിറകുപുരയില്‍ ചെറിയ അളവില്‍ പച്ചനിറത്തിലുള്ള ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളും ഫൊറന്‍സിക് സംഘം കണ്ടെത്തി.വിഷം വാങ്ങുന്നതിനും വിഷക്കുപ്പി ഉപേക്ഷിക്കുന്നതിനും കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രീഷ്മയുടെ വീട് പോലീസ് സീല്‍ചെയ്തു. ഗ്രീഷ്മയുമായി വീടിനുള്ളില്‍ തെളിവെടുപ്പ് നടത്തും. തമിഴ്നാട് പോലീസിന്റെ സഹായവും തേടിയിരുന്നു. വീട്ടിലെ തെളിവെടുപ്പിനുശേഷം കളനാശിനി വാങ്ങിയ കളിയിക്കാവിളയിലെ കടയിലും ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ ആയുര്‍വേദ ആശുപത്രിയിലും കൊണ്ടുപോയി തെളിവെടുത്തു. കഷായപ്പൊടിയുടെ സാംപിളും ശേഖരിച്ചിട്ടുണ്ട്.

കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസ് കേരള പോലീസ് അന്വേഷിക്കുന്നതില്‍ നിയമപ്രശ്നമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണസംഘം ഉപദേശം തേടി. ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത് തമിഴ്നാട് രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വച്ചാണ്. ഇത് തമിഴ്നാട് പളുകല്‍ സ്റ്റേഷന്‍ പരിധിയിലാണ്. സംഭവം നടന്ന സ്ഥലം തമിഴ്നാട്ടിലായതിനാല്‍ തുടര്‍ന്നുള്ള നടപടികളെ ബാധിക്കുമോയെന്നാണ് നിയമോപദേശം തേടിയിരിക്കുന്നത്.

സാധാരണ കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.ഷാരോണിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയത് പാറശ്ശാല സ്റ്റേഷനിലാണ്. മെഡിക്കല്‍ കോളേജില്‍നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് പാറശ്ശാല പോലീസാണ് മജിസ്ട്രേറ്റിനെ എത്തിച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. മരണം നടന്നതും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. മൂന്ന് പ്രതികളെ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം തമിഴ്നാട് ക്യു ബ്രാഞ്ച് പാറശ്ശാലയിലെത്തി കൊലപാതകത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കേസ് അന്വേഷിക്കാന്‍ നിയമപ്രശ്നങ്ങളൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാര്‍ പറഞ്ഞത്. എങ്കിലും തുടര്‍നടപടികളില്‍ നിയമതടസ്സങ്ങളുണ്ടാകാതിരിക്കാനാണ് നിയമോപദേശംകൂടി തേടിയത്.

ന്യായീകരിച്ച് പാറശ്ശാല പോലീസ്; വാദങ്ങള്‍ തള്ളി ഷാരോണിന്റെ ബന്ധുക്കള്‍

ഷാരോണ്‍ കൊലപാതകക്കേസില്‍ പാറശ്ശാല പോലീസിന്റെ നടപടികള്‍ ന്യായീകരിച്ച് പുറത്തുവന്ന ശബ്ദസന്ദേശം പോലീസിനുതന്നെ തിരിച്ചടിയാകുന്നു. ശബ്ദസന്ദേശത്തിലെ എസ്.എച്ച്.ഒ. യുടെ വാദങ്ങള്‍ ഷാരോണിന്റെ ബന്ധുക്കള്‍ നിഷേധിച്ചു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച സംഭവിച്ചില്ലെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ശബ്ദസന്ദേശം തിങ്കളാഴ്ച രാവിലെ മുതലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

ഷാരോണിന്റെ ആര്യോഗ്യസ്ഥിതി മോശമാണെന്ന വിവരം മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് മജിസ്ട്രേറ്റിനെക്കൊണ്ട് മൊഴി രേഖപ്പെടുത്തിയെന്നും അതില്‍ ഗ്രീഷ്മയ്‌ക്കെതിരേ പരാമര്‍ശമില്ലെന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വെളിപ്പെടുത്തലാണ് പോലീസിനു തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നത്. കൂടാതെ കീടനാശിനിയുടെ സാന്നിധ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞെന്ന വാദവും വിവാദമായി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മരണമൊഴി പുറത്തുവിട്ടത് തന്നെ വലിയ വീഴ്ചയായിട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിട്ടുള്ളത്.

ഇത് സംബന്ധിച്ച് പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയിട്ടുണ്ട്.പോലീസിന്റെ അവകാശവാദങ്ങള്‍ക്കെതിരേ കൊല്ലപ്പെട്ട ഷാരോണിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. ആദ്യഘട്ടത്തില്‍ തന്നെ സ്റ്റേഷനിലെത്തി പരാതിപ്പെട്ട തങ്ങളോട് പോലീസ് മാന്യമായല്ല പെരുമാറിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ശബ്ദസന്ദേശത്തില്‍ നിരവധി തവണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബന്ധുക്കളെ വിളിച്ചതായാണ് പറയുന്നത്.

എന്നാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇന്നേവരെ തങ്ങളെ വിളിച്ചിട്ടില്ലായെന്നും, എസ്.ഐ. മാത്രമാണ് തങ്ങളോട് സംസാരിച്ചിട്ടുള്ളതെന്നുമാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ 23ന് പരിശോധനയ്ക്കായി സ്രവങ്ങള്‍ ശേഖരിക്കണമെന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് അറിയിപ്പ് നല്‍കി.

എന്നിട്ടും പോലീസ് തയ്യാറായില്ലെന്ന് ഷാരോണിന്റെ സഹോദരന്‍ ഷിമോന്‍ പറഞ്ഞു. ഗ്രീഷ്മയെ സംശയമുണ്ടായിരുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഷാരോണിന്റെ ബന്ധുക്കളോട് ഗ്രീഷ്മയെ ന്യായീകരിക്കുകയാണ് പോലീസ് ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

തെളിവെടുപ്പിന് സുരക്ഷ ഒരുക്കി തമിഴ്നാട് പോലീസ്

രാമവര്‍മന്‍ചിറ: രാമവര്‍മന്‍ചിറയില്‍ നടന്ന തെളിവെടുപ്പിന് സുരക്ഷ ഒരുക്കിയത് തമിഴ്നാട് പോലീസ്. പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെളിവെടുപ്പിന് പാറശ്ശാല പോലീസ് തന്നെ സുരക്ഷ ഒരുക്കുവാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാല്‍ പ്രദേശത്ത് വന്‍ജനക്കൂട്ടമായതോടെ പാറശ്ശാല പോലീസ് പളുകല്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെട്ടു. സഹായം ആവശ്യപ്പെട്ടെങ്കിലും ആദ്യം തമിഴ്നാട് പോലീസ് എത്തുവാന്‍ തയ്യാറായില്ല.

ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ സാധിക്കില്ലെന്ന സ്ഥിതി വന്നതോടെയാണ് പ്രതികളുമായി എത്തിയ സംഘം പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് യാത്ര മാറ്റി. രേഖാമൂലം കത്ത് വേണമെന്ന നിലപാടില്‍ തമിഴ്നാട് പോലീസ് നിലകൊണ്ടു. തുടര്‍ന്ന് അന്വേഷണസംഘം പളുകല്‍ പോലീസ് സ്റ്റേഷനില്‍ എത്തി കത്ത് നല്‍കി. തുടര്‍ന്നാണ് പളുകല്‍ പോലീസ് സ്ഥലത്തെത്തി സംരക്ഷണമൊരുക്കിയത്.

Content Highlights: greeshma, sharon, murder, crime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented