എസ്.എഫ്.ഐ. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികൾ
കൊല്ലം: കൊല്ലം എസ്.എൻ. കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിൽ 15 എ.ഐ.എസ്.എഫ്. പ്രവർത്തകർക്ക് പരിക്ക്. മൂന്നുവിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണ്. തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ മൂന്നാംവർഷ ബി.എ. ഫിലോസഫി വിദ്യാർഥി നിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ചുപേർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
നിയാസിനുപുറമേ മൂന്നാംവർഷ വിദ്യാർഥികളായ കാർത്തിക് (ബി.എ. മലയാളം), ഓസ്കാർ (ബി.എ. ഫിലോസഫി), ആകാശ് (ബി.എ. മാത്സ്), ധനുഷ്, ആകാശ് (ബി.എ. ഫിലോസഫി), അബി എ.തരകൻ (ബി.എ. ഇംഗ്ലീഷ്), രണ്ടാംവർഷ വിദ്യാർഥികളായ അമിത് (ബി.എ. ഇക്കണോമിക്സ്), ജ്യോതിഷ് (ബി.എ. ഹിസ്റ്ററി), ഷിനു (ബി.എ. മലയാളം), പാർഥിപ് (ബി.എ. ഇംഗ്ലീഷ്), സൂരജ്, മണികണ്ഠൻ (ബി.സി.എ.), അനന്തു (പൊളിറ്റിക്സ്), ഒന്നാംവർഷ വിദ്യാർഥി പ്രിയദർശൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ തങ്ങളുടെ നാലുപ്രവർത്തകർക്ക് പരിക്കേറ്റതായി എസ്.എഫ്.ഐ. നേതാക്കൾ പറഞ്ഞു.
ബുധനാഴ്ച രാവിലെ 11.30-ന് കോളേജിനകത്തായിരുന്നു സംഭവം. മരച്ചുവട്ടിലെ ബെഞ്ചിലിരിക്കുകയായിരുന്ന എ.ഐ.എസ്.എഫ്. കാരുടെ അടുത്തേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ കയർത്തുകൊണ്ട് ചെല്ലുന്നതും ആയുധങ്ങളുമായി ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തറയിൽനിന്ന് കല്ലെടുത്ത് തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്റേണൽ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികളെയും എസ്.എഫ്.ഐ. ക്കാർ ആക്രമിച്ചെന്ന് എ.ഐ.എസ്.എഫ്. നേതാക്കൾ പറയുന്നു. ആക്രമിച്ചവരിൽ കോളേജിനു പുറത്തുനിന്നുള്ളവരുമുണ്ടെന്നും അവർ ആരോപിച്ചു.
കോളേജിൽ എ.ഐ.എസ്.എഫ്. യൂണിറ്റ് രൂപവത്കരിച്ചതിനെയും കൊടി സ്ഥാപിച്ചതിനെയും തുടർന്ന് ഏറെനാളായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. കോളേജിലുണ്ടായ സംഘർഷത്തെത്തുടർന്ന് എ.ഐ.എസ്.എഫ്. പ്രവർത്തകനെ ഷാഡോ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ സംഭവവുമുണ്ടായി. തുടർസംഘർഷങ്ങളിൽ മൂന്നുപോലീസ് സ്റ്റേഷനുകളിലായി നാല് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തെങ്കിലും സി.പി.എം.-സി.പി.ഐ. പാർട്ടി നേതൃത്വങ്ങളുടെ ഇടപെടലിൽ കേസുകൾ ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനുപുറമേ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.യുടെ ‘അപ്രഖ്യാപിത വിലക്ക്’ മറികടന്ന് മത്സരിച്ചതും 15 സീറ്റിൽ ജയിച്ചതുമാണ് എസ്.എഫ്.ഐ.ക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് എ.ഐ.എസ്.എഫ്. നേതാക്കൾ പറഞ്ഞു. എ.ഐ.എസ്.എഫിന്റെ പരാതിയിൽ 26 പേർക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.ഐ.
കൊല്ലം: എസ്.എൻ.കോളേജിൽ എ.ഐ.എസ്.എഫ്. പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.ഐ. വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം നടത്താൻ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ആഹ്വാനം ചെയ്തു. പരിപാടികളിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും നിർദേശം നൽകി. ഇക്കാര്യമാവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിൽ ‘എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. ഗുണ്ടകൾ’ എന്നാണ് സുപാൽ പ്രയോഗിച്ചിരിക്കുന്നത്. രണ്ടാഴ്ചമുമ്പ് എസ്.എൻ.കോളേജിലെ എസ്.എഫ്.ഐ.-എ.ഐ.എസ്.എഫ്. സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടിലായിരുന്നു സി.പി.ഐ. ജില്ലാ നേതൃത്വം.
Content Highlights: sfi attacks aisf members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..