അനീസ് അൻസാരി | Screengrab: Mathrubhumi News
കൊച്ചി: മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി കൂടി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഇവര്‍ പോലീസില്‍ പരാതി നല്‍കി. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരിയുടെ ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയുടെ പരാതി. വിവാഹത്തിന് മേക്കപ്പ് ചെയ്യാന്‍ ചെന്നപ്പോള്‍ സാരി ഉടുപ്പിക്കുന്നതിനിടെ മോശം പെരുമാറ്റമുണ്ടായെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസെടുക്കുക. ഇതോടെ അനീസിനെതിരേ ഏഴു യുവതികളുടെ പരാതിയായി. അതില്‍ നാല് കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരാതിക്കാരുടെ മൊഴിയെടുക്കല്‍ തുടങ്ങി.
ഒളിവിലായ അനീസിനു വേണ്ടിയുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചു. അനീസിന്റെ പാസ്‌പോര്‍ട്ട് വാഴക്കാലയിലെ ഫ്‌ലാറ്റില്‍ നിന്ന് പാലാരിവട്ടം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാള്‍ കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ചളിക്കവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയിലും തിരച്ചില്‍ നടത്തി. പ്രതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. യുവതികള്‍ മീ ടു ആരോപണം ഉന്നയിച്ച ഉടന്‍ ഇയാള്‍ വിദേശത്തേക്ക് കടന്നെങ്കിലും തിരികെ എത്തിയതായാണ് വിവരം. സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ക്ക് മേക്കപ്പ് ചെയ്യുന്ന അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശാഖകളുണ്ട്.
13 ദിവസം മുമ്പാണ് യുവതികള്‍ ആദ്യമായി ഇയാള്‍ക്കെതിരേ പരാതി ഉന്നയിച്ചത്. 2019-ല്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അനീസ് അന്‍സാരിക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ വരികയായിരുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പ് ട്രയല്‍ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് ഒരാളുടെ പരാതി.
ടാറ്റൂ സ്റ്റുഡിയോ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 'ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ' സ്റ്റുഡിയോ ഉടമയും ടാറ്റൂ കലാകാരനുമായ വെണ്ണല സ്വദേശി സുജീഷിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ടാറ്റൂ ചെയ്യുന്നതിനിടെ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായി പാലാരിവട്ടം സ്റ്റേഷനില്‍ നാലും ചേരാനെല്ലൂരില്‍ രണ്ടും പരാതികളാണ് ലഭിച്ചത്.
നേരത്തെ ചേരാനെല്ലൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, പാലാരിവട്ടത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പ് നടത്തിയിട്ടില്ല. അതിനാലാണ് പാലാരിവട്ടം പോലീസ് സുജീഷിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. മുമ്പ് പാലാരിവട്ടത്തും പിന്നീട് ചേരാനെല്ലൂരിലേക്ക് മാറ്റിയും സ്ഥാപിച്ച സ്റ്റുഡിയോയില്‍ യുവതികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ചേരാെനല്ലൂരിലെ സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി കണ്ടെത്തിയ കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സി.സി.ടി.വി. എന്നിവയുടെ പരിശോധനാ റിപ്പോര്‍ട്ട് ഈ ആഴ്ച ലഭിക്കും. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ചേരാെനല്ലൂരിലെ സ്ഥാപനത്തില്‍ വന്നതിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഇവിടെ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: sexual molestation complaint against make up artist aneez anzare kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..