ഉഷ ജോർജ്, ഷോൺ ജോർജ്, പാർവതി ഷോൺ
തിരുവനന്തപുരം/കോട്ടയം: പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോര്‍ജിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിന് പിന്നിലെന്നും പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും മരുമകള്‍ പാര്‍വതി ഷോണും ആരോപിച്ചു.
പ്രത്യേകിച്ച് ഞെട്ടലൊന്നും ഇല്ല, ഇത് പിണറായിയുടെ തന്ത്രം- ഷോണ്‍ ജോര്‍ജ്
പി.സി.യെ അറസ്റ്റ് ചെയ്തതില്‍ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതിയെ കിട്ടാതെ സി.പി.എം. തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. നിയമസഭയും നടക്കുന്നു. നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിയും മകളും നേരിടുന്നു. അപ്പോള്‍ സ്വാഭാവികമായും ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ഇതിനപ്പുറവുമുള്ള തിരക്കഥകള്‍ നാട്ടില്‍ നടക്കും. പരാതിക്കാരി കൊടുത്ത പരാതികളുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരള നിയമസഭയില്‍ ക്വാറം തികയില്ല. അതാണ് അവസ്ഥ.
ഒരുമാസം മുമ്പ് നല്കിയ രഹസ്യമൊഴി സൂക്ഷിച്ചുവെച്ചു. എന്നിട്ട് രഹസ്യമായി ക്രൈംബ്രാഞ്ചിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഒരുവിവാദത്തെ അടുത്ത വിവാദം കൊണ്ട് അടയ്ക്കുക എന്ന പിണറായിയുടെ തന്ത്രമാണിത്. കേരള പോലീസിന് അന്തസുണ്ടെന്ന് വിചാരിച്ചാണ് അദ്ദേഹവും അഭിഭാഷകനും പി.എ.യും മാത്രം തിരുവനന്തപുരത്ത് പോയത്. മൊഴിയെടുക്കാനെന്ന് വിളിച്ചുവരുത്തിയാണ് ഇത്തരമൊരു വൃത്തികേട് കാണിച്ചതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
പിണറായി വിജയന് അനുഭവിക്കും- ഉഷ ജോര്‍ജ്
പി.സി. ജോര്‍ജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷ ജോര്‍ജും പ്രതികരിച്ചു. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് ഇതിനെല്ലാം അനുഭവിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാന്‍ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ?
പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാന്‍ കഴിയില്ല.
ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ.
40 വര്‍ഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായത് കൊണ്ട് പറ്റിയതാണ് ഇതെല്ലാം.
തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാള്‍ ഇപ്പോള്‍ എങ്ങനെയാണ് മാറിയത്?
പരാതിക്കാരി ഒത്തിരി തവണ വീട്ടില്‍ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ.
രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാല്‍ പിന്നെ ആ വാര്‍ത്ത ആയല്ലോ.'- ഉഷ ജോര്‍ജ് പ്രതികരിച്ചു.
ഇത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല- പാര്‍വതി ഷോണ്‍
പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പി.സി. ജോര്‍ജിന്റെ മരുമകള്‍ പാര്‍വതി ഷോണ്‍. 'സത്യം വിളിച്ചുപറയുന്നവര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ നില എന്താണെന്ന് ആലോചിക്കണം.പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിയായ ആള്‍ക്ക് ചേര്‍ന്നതല്ല. വേറെ എന്തെല്ലാം കേസില്‍ പെടുത്താം. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം അറിയാം. എല്ലാത്തിലും സത്യം വിളിച്ചുപറയുന്ന വ്യക്തിയാണ് അദ്ദേഹം. ഈ നാട്ടില്‍ നിയമമുണ്ടല്ലോ'- പാര്‍വതി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..