പ്രതീകാത്മക ചിത്രം
തൃശ്ശൂര്‍: സൈക്കിളില്‍ യാത്ര ചെയ്യവെ വാനിലെത്തിയ സംഘം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് പോലീസ്.
സംഭവം വലിയ വാര്‍ത്തയായതോടെ കൊരട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സഹപാഠിയുടെ വീട്ടില്‍ നിന്നും പുസ്തകം വാങ്ങി വരുന്നതിനിടെ മുഖംമൂടി സംഘം വാനിലെത്തി സൈക്കിളില്‍ ഇടിക്കുകയും മര്‍ദിച്ച ശേഷം ബോധം കെടുത്തി മുടിമുറിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
യഥാര്‍ഥസംഭവത്തെ കുറിച്ച് കൊരട്ടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബി.കെ. അരുണ്‍ പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടിക്ക് മുടി മുറിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വീട്ടില്‍ നിന്ന് വഴക്കുപറയുമെന്ന പേടിയുമുണ്ടായി. ഇത് സഹപാഠിയുമായി ചര്‍ച്ച ചെയ്ത ശേഷം ആസുത്രണം ചെയ്ത പദ്ധതിയാണ് വ്യാജമര്ദനവും മുഖംമൂടിക്കഥയും. മുടി മുറിച്ച ശേഷം അത് വഴിയില്‍ കൊണ്ടിടുകയായിരുന്നു. പരിക്ക് പറ്റിയെന്ന് തോന്നിപ്പിക്കാന്‍ ചായവും തേച്ചു.
നല്ല മനോഹരമായി ബോബ് ചെയ്ത പോലെയാണ് മുടി മുറിച്ചിരിക്കുന്നത്. ബലം പ്രയോഗിച്ച് മുറിച്ചതാണെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. അങ്ങനെ സംശയം തോന്നിയപ്പോള്‍ രണ്ട് കുട്ടികളേയും പ്രത്യേകമിരുത്തി ചോദിച്ചപ്പോഴാണ് യഥാര്‍ഥസംഭവം പുറത്തായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..