ബൈജു, റസിഡൻസി ബാർ| Photo: Mathrubhumi screengrab
തളിക്കുളം: തൃശ്ശൂര്‍ തളിക്കുളത്ത് ബാര്‍ ഉടമയെ കുത്തിപ്പരിക്കേല്‍പിക്കുകയും സഹായിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. ബാറിലെ മുന്‍ജീവനക്കാരായ അതുല്‍, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. അമലും വിഷ്ണുവും നടത്തിയ സാമ്പത്തിക തിരിമറി പിടിക്കപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതുല്‍, വിഷ്ണു, അജ്മല്‍, യാസിം, അമിത്, ധനേഷ്, അമല്‍ എന്നിവരാണ് പിടിയിലായത്. കാട്ടൂര്‍ സ്വദേശികളാണ് ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ പിടിയിലായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
പുത്തന്‍തോട് സെന്‍ട്രല്‍ റസിഡന്‍സി ബാറില്‍ ചൊവ്വാഴ്ച രാത്രി 9.40-നായിരുന്നു ആക്രമണമുണ്ടായത്. അക്രമിസംഘം ബാര്‍ ഉടമയായ കൃഷ്ണരാജി (35) നെ ക്രൂരമായി ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ സഹായി ബൈജു (45) വിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പത്തുദിവസം മുമ്പ് മാത്രം തുടങ്ങിയ ബാറാണിത്. ബാര്‍ തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ അതുലും വിഷ്ണുവും ബില്ലില്‍ ക്രമക്കേട് കാണിച്ചിരുന്നു. രണ്ടുലക്ഷത്തില്‍താഴെ രൂപ കൈക്കലാക്കുകയും ചെയ്തു. ഇത് കൃഷ്ണരാജ് കണ്ടെത്തുകയും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതില്‍ പ്രകോപിതരായ ഇരുവരും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
Also Read
ചൊവ്വാഴ്ച രാത്രി, അക്രമിസംഘം ബാറിന്റെ റിസപ്ഷനിലെത്തുകയും കൃഷ്ണരാജിനോട് സംഭവത്തേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതിനിടെ തൊട്ടടുത്തുനിന്നയാള്‍ കൃഷ്ണരാജിനെ കത്തികൊണ്ട് രണ്ടുവട്ടം കുത്തി. ഇതോടെ കൃഷ്ണരാജ് കാബിന് അകത്തേക്ക് ഓടിക്കയറി വാതില്‍ അടച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ അക്രമിസംഘം, പുറത്തുനില്‍ക്കുകയായിരുന്ന ബൈജുവുമായി വാക്കേറ്റമുണ്ടാവുകയും അദ്ദേഹത്തെ കുത്തുകയുമായിരുന്നു. രണ്ടുവട്ടമാണ് അക്രമികള്‍ ബൈജുവിനെ കുത്തിയത്. അക്രമിസംഘത്തിലുണ്ടായിരുന്ന ഒരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന ബാര്‍ ഉടമ കൃഷ്ണരാജിന്റെ നില ഗുരുതരമാണ്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ക്യാമറ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു. കാറിലാണ് അക്രമിസംഘം ബാറിലേക്ക് എത്തിയത്. ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് സംഘം ബാറിലേക്ക് എത്തിയതെന്നാണ് സൂചന. കഞ്ചാവ്-ക്രിമിനല്‍ സംഘാംഗങ്ങളാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..