അറസ്റ്റിലായ പ്രതികൾ
മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവില്‍ എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകളുടെ കച്ചവടം നടത്തിവന്ന ഏഴു പേരെ എക്‌സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഡെക്ക് വുഡ് ഇന്ത്യ ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് വിപണനവും ഉപഭോഗവും നടത്തിവന്നവരാണ് പിടിയിലായത്.
മുളവൂര്‍ സ്വദേശികളായ മുതിരക്കാലായില്‍ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, കരോട്ടുപറമ്പില്‍ സലിം മുഹമ്മദ് (ഡെക്കോ), പുത്തന്‍വീട്ടില്‍ അന്‍വര്‍ സാദിഖ്, അറയ്ക്കക്കുടിയില്‍ മുഹമ്മദ് അല്‍ത്താഫ്, മേക്കപ്പടിക്കല്‍ മുഹമ്മദ് അസ്ലം (അസ്ലംകുട്ടി), പേഴുംകാട്ടില്‍ അനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് രാസലഹരിയായ എം.ഡി.എം.എ.യും കഞ്ചാവും പിടിച്ചെടുത്തു.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്ലൈവുഡ് ബിസിനസിന്റെ മറവില്‍ ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ. കൊണ്ടുവന്നിരുന്നത്. കഞ്ചാവും ഇതോടൊപ്പം മറ്റിടങ്ങളില്‍നിന്ന് എത്തിച്ചിരുന്നു.
മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ മേഖലകളിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. സ്ഥാപനത്തിലെത്തി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യക്കാര്‍ക്ക് ഇവിടെയത്തുന്നവര്‍ വഴിയാണ് വിതരണം ചെയ്തിരുന്നത്. കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരും ഏറെപ്പേരുണ്ടെന്നാണ് കണ്ടെത്തല്‍. പ്രതികളുടെ കൂട്ടാളികളെക്കുറിച്ച് എക്‌സൈസ് അന്വേഷിച്ചുവരുകയാണ്.
കുറച്ചു ദിവസങ്ങളായി പ്രതികള്‍ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പി.പി. ഹസൈനാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ബി. ലിബു, എം.എം. ഷെബീര്‍, കെ.ഇ. ജോമോന്‍, പി.എന്‍. അജി, കെ.എസ്. ബബീന എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: seven arrested wuth mdma and ganja in muvattupuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..