മർദനമേറ്റ ആൺകുട്ടികളുടെ സുഹൃത്ത്, സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: Screengrab/ Mathrubhumi News
മംഗളൂരു: മംഗളൂരുവിൽ മലയാളികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മുപ്പതിലേറെ പേർ ചേർന്ന് കല്ല്, ബെൽറ്റ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് മർദനമേറ്റവരുടെ സുഹൃത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കാസർകോടുനിന്ന് മംഗലാപുരത്തേക്ക് വിനോദയാത്ര പോയതായിരുന്നു മൂന്നു ആൺകുട്ടികൾ. ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികൾ മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികളാണ്. ഇവർ ആറുപേരും സോമേശ്വർ ബീച്ചിൽ ഇരിക്കുന്ന സമയത്താണ് അക്രമി സംഘം ഇവിടെ എത്തിയത്. മതവും പേരും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഇതര മതവിഭാഗത്തിലുള്ളവരാണ് എന്ന് മനസ്സിലാക്കിയതോടെയാണ് സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടത്.
'പാറക്കല്ലിൽ ഇരിക്കുമ്പോൾ ഐ.ഡി. കാർഡ് ചോദിച്ചു. ബെൽറ്റ് കൊണ്ടും വടികൊണ്ടും അടിച്ചു. കല്ലുകൊണ്ട് മുഖത്തിടിച്ചു. ആറോളം പേരാണ് ആദ്യം വന്നത്. പിന്നീട് മുപ്പതോളം പേർ എത്തി കൂട്ടമായി ആക്രമിച്ചു. പോലീസ് എത്തിയപ്പോൾ അവർ ഓടി', പരിക്കേറ്റ കുട്ടികളുടെ സുഹൃത്ത് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏഴുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: Seven arrested in Someshwar beach moral policing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..