രവീന്ദർ കുമാർ | Photo: twitter.com/news24tvchannel
ന്യൂഡല്‍ഹി: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ സീരിയല്‍ കില്ലറായ രവീന്ദര്‍ കുമാറിന് ജീവപര്യന്തം തടവ്. ഡല്‍ഹി രോഹിണിയിലെ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസില്‍ രവീന്ദര്‍കുമാര്‍ കുറ്റക്കാരനാണെന്ന് മേയ് ആറാം തീയതി കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും പ്രതിയുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതോടെ ശിക്ഷാവിധി മേയ് 25-ലേക്ക് മാറ്റിവെക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം അതിദാരുണമായി കൊലപ്പെടുത്തിയതിനാണ് രവീന്ദര്‍കുമാര്‍ പിടിയിലായത്. 2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഏകദേശം മുപ്പതോളം കുട്ടികള്‍ ഇയാളുടെ ക്രൂരതയ്ക്കിരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2015-ലാണ് ഡല്‍ഹിക്ക് സമീപത്തുനിന്ന് പോലീസ് ഇയാളെ പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് സ്വദേശിയായ രവീന്ദര്‍കുമാര്‍ 2008-ലാണ് ഡല്‍ഹിയിലെത്തുന്നത്. അന്ന് ഇയാള്‍ക്ക് 18 വയസ്സായിരുന്നു പ്രായം. ഡല്‍ഹിയില്‍ കൂലിപ്പണിയെടുത്തിരുന്ന പ്രതി അശ്ലീലവീഡിയോകള്‍ക്കും മയക്കുമരുന്നിനും അടിമയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചശേഷമാണ് ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തി.
ഡല്‍ഹിയിലെ ചേരിയില്‍ താമസിച്ചിരുന്ന പ്രതി കടുത്ത ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം കുട്ടികളെ തേടിയിറങ്ങുന്ന ഇയാള്‍ ഒരിക്കല്‍ 40 കിലോമീറ്റര്‍ വരെ കാല്‍നടയായി യാത്രചെയ്താണ് ഇരയെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു.
കെട്ടിടനിര്‍മാണം നടക്കുന്നയിടങ്ങളിലും ചേരികളിലുമാണ് പ്രതി കുട്ടികളെ തേടിയിറങ്ങിയിരുന്നത്. ആരും ശ്രദ്ധിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളും ഇയാളുടെ ക്രൂരതയ്ക്കിരയായി. പത്തുരൂപ നോട്ട് കാണിച്ചും ചോക്ലേറ്റ് നല്‍കിയുമാണ് രവീന്ദര്‍കുമാര്‍ കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
ഏഴുവയസ്സുകാരനെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും രവീന്ദര്‍കുമാര്‍ പ്രതിയാണ്. 2014-ല്‍ ഈ കേസില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം. ഇതിനുശേഷം 2015 ജൂലായിലാണ് രവീന്ദര്‍ കുമാറിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ബെഗുംപുരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രോഹിണിയിലെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Content Highlights: serial killer ravinder kumar gets life imprisonment for killing six year old girl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..