Screengrab: Mathrubhumi News
ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വന്‍ പ്രതിഷേധം. പ്രതിഷേധക്കാരായ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാഹനവും സ്കൂളിലെ ചില വാഹനങ്ങളും സമരക്കാര്‍ അഗ്നിക്കിരയാക്കി. സ്കൂളിലെ നിരവധി ബസുകള്‍ അടിച്ചുതകര്‍ത്തു. ചില ബസുകള്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ബസുകള്‍ മറിച്ചിടുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. ആക്രമണത്തില്‍ ഒട്ടേറെ പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. പ്രതിഷേധക്കാരില്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല മറ്റു നാട്ടുകാരും ഉള്‍പ്പെടുന്നതായും വിവരങ്ങളുണ്ട്.
കള്ളക്കുറിച്ചി ചിന്നസേലത്തെ ശക്തി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയെന്നാണ് പോലീസ് നല്‍കുന്നവിവരം. വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
സ്കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് നേരിട്ട അവഹേളനം ഏറെ വിഷമിപ്പിച്ചു. മാതാപിതാക്കളും സുഹൃത്തുക്കളും ക്ഷമിക്കണം. സ്കൂള്‍ മാനേജ്മെന്റ് നേരത്തെ വാങ്ങിയ തന്റെ ട്യൂഷന് ഫീസ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കഴിഞ്ഞദിവസം വിദ്യാര്‍ഥിനിയുടെ നാട്ടില്‍നിന്നെത്തിയവരും ബന്ധുക്കളും കള്ളക്കുറിച്ചിയില്‍ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആരോപണവിധേയരായ അധ്യാപകര്ക്കെതിരേ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസങ്ങളില്‍ നൂറുകണക്കിന് നാട്ടുകാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കള്ളക്കുറിച്ചിയില്‍ റോഡ് ഉപരോധിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്കൂളിലേക്ക് വന്ന അധ്യാപകരെ തടയാനും ശ്രമമുണ്ടായി. ഇതേത്തുടര്‍ന്ന് സ്കൂളിന് പുറത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉടലെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..