Photo: Twitter
കള്ളക്കുറുശ്ശി: തമിഴ്നാട് കള്ളക്കുറിശ്ശിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച ജനക്കൂട്ടം സ്കൂള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. കുട്ടികളുടെ പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ചു. ഒരു ക്ലാസ് മുറിപോലും ബാക്കിവക്കാതെയാണ് കയറിയിറങ്ങി കണ്ണില്‍ കണ്ടതെല്ലാം അടിച്ചുടയ്ക്കുകയും തീയിടുകയുമൊക്കെ ചെയ്തത്. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി.
ചില ആളുകളുടെ പ്രവൃത്തികാരണം ഒരു വിദ്യാര്‍ഥിക്ക് ജീവന് നഷ്ടമായി എന്ന ക്രൂരത ഒരു വശത്ത് നില്‍ക്കുമ്പോഴും നിരവധി കുട്ടികളുടെ ഭാവിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ചില ആളുകള്‍ ചെയ്ത തെറ്റിന് അവരെ ശിക്ഷിക്കുകയെന്നതിന് പകരം മുഴുവന്‍ വിദ്യാര്‍ഥികളെയും ശിക്ഷിക്കുകയെന്നതാണ് പ്രതിഷേധത്തിന്റെ പേരില്‍ കള്ളക്കുറുശ്ശിയില് അരങ്ങേറിയത്. മുന്നൂറോളം പേരെയാണ് അക്രമത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എല്‍കെജി മുതലുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പാഠപുസ്കങ്ങളുള്പ്പെടെ നശിപ്പിച്ചിട്ടുണ്ട്.
സ്കൂളില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി രംഗത്ത് വരികയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കള്ളക്കുറിച്ചിയിലുണ്ടായ കലാപം ഞെട്ടിച്ചെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കള്ളക്കുറിച്ചിയിലെ കലാപം പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നല്ലെന്നും സംഘടിതമായ കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി. '4500 കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കാന്‍ ജനക്കൂട്ടത്തിന് ആരാണ് ലൈസന്‍സ് നല്‍കിയത്. പോലീസ് ആരുടെയും നിയന്ത്രണത്തിലായിരുന്നില്ല. അവര്‍ നിയമം നടപ്പിലാക്കണം.
പ്രതിഷേധക്കാരെയെല്ലാം തിരിച്ചറിഞ്ഞ് അവരില്‍നിന്ന് നഷ്ടം ഈടാക്കണം', കോടതി പറഞ്ഞു. പോലീസ് അന്വേഷണം കോടതി നിരീക്ഷിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ ബുധനാഴ്ച രാവിലെയാണ് സ്കൂളിലെ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞിരുന്നു.
സ്കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും മറ്റു കുട്ടികളുടെ മുന്നില്‍വെച്ച് അവഹേളിച്ചെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. മാതാപിതാക്കളും കൂട്ടുകാരും ക്ഷമിക്കണമെന്നും തന്റെ ട്യൂഷന് ഫീസ് സ്കൂള്‍ മാനേജ്മെന്റ് മാതാപിതാക്കള്‍ക്ക് തിരികെ നല്‍കണമെന്നും കുറിപ്പില്‍ എഴുതിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..