ആറു ലക്ഷംവരെ കമ്മീഷന്‍, ചതിച്ചാല്‍ വലിയ ശിക്ഷ; പൊന്ന് വിറ്റുകിട്ടുന്ന പണം എവിടേക്ക്?


രാജി പുതുക്കുടി

കടല്‍ കടന്ന് ചെന്നാല്‍ പലയിടത്തായി മുറികളില്‍ താമസിപ്പിക്കും, ഭക്ഷണവും നല്‍കും. പിന്നീടങ്ങോട്ട് ഏകദേശം ഒരു മാസത്തോളം നിരീക്ഷണ കാലയളവാണ്.

പ്രതീകാത്മക ചിത്രം | AFP

വണ്ടി വാങ്ങി മീന്‍ കച്ചവടം നടത്തി ജീവിക്കണം എന്ന ആഗ്രഹവുമായാണ് കോഴിക്കോട് പന്തീരിക്കര സ്വദേശി ഇര്‍ഷാദ് വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയത്. വണ്ടി വാങ്ങാനുള്ള പണം നാട്ടിലും മറ്റുമുള്ള പലരില്‍ നിന്നായി സ്വരുക്കൂട്ടാനുള്ള ശ്രമങ്ങള്‍ക്കിടയാണ് ഇര്‍ഷാദ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ വലയില്‍പ്പെടുന്നത്. നല്ല തുക കമ്മീഷന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം കടത്താനുള്ള ആദ്യ ശ്രമം. നാട്ടില്‍ വേറെ ജോലി ശരിയായെന്നും നാട്ടിലേക്ക് തിരിച്ചുപോവുകയാണെന്നുമാണ് ദുബായില്‍ ഒപ്പമുണ്ടായിരുന്ന സഹോദരനോട് പറഞ്ഞിരുന്നത്. എന്നാല്‍, മെയ് 13-ന് നാട്ടിലെത്തിയ ഇര്‍ഷാദിനെ പത്ത് ദിവസങ്ങള്‍ക്ക് ശേഷം കാണാതായി. ജോലിക്കെന്ന് പറഞ്ഞുപോയ പോയ ഇര്‍ഷാദിന്റെ മൃതദേഹം ജൂലായ് 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് കരയ്ക്കടിഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണക്കടത്തുകാര്‍ കൊലപ്പെടുത്തിയ നാലാമാത്തെ ആളാണ് ഇര്‍ഷാദ്. സ്വര്‍ണം കടത്തുന്നതിനിടെ ഉണ്ടായ അപകടമരണങ്ങളും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ ഭീഷണിയും പീഡനവും കാരണം ആത്മഹത്യ ചെയ്തവരും എല്ലാം ഇതില്‍ കൂടുതല്‍. തുമ്പില്ലാത്ത തിരോധാനങ്ങള്‍ വേറെയും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്ത് നേരത്തെ തന്നെ സജീവമാണ്, പ്രത്യേകിച്ച് മലബാറില്‍. പക്ഷേ, സ്വര്‍ണക്കടത്തും കടത്തുപൊട്ടിക്കലും പകതീര്‍ക്കലും എല്ലാം മുന്‍കാലങ്ങളേക്കാള്‍ സജീവമായത് ഈ അടുത്തകാലത്താണ്........

ഗ്രാമങ്ങളില്‍ പിടിമുറുക്കുന്ന മാഫിയ, ലക്ഷ്യം ജോലിയില്ലാത്ത ചെറുപ്പക്കാര്‍, കമ്മീഷന്‍ ആറ് ലക്ഷം

സ്വര്‍ണക്കടത്തില്‍ ഒറ്റ് കൂടിയതോടെ സുരക്ഷിതമായി സ്വര്‍ണം കടത്താന്‍ പലവഴികള്‍ തേടുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങള്‍. ഓരേ ആളെ തന്നെ പലതവണ കാരിയര്‍മാരായി ഉപയോഗിക്കുന്നതില്‍ റിസ്‌ക് കൂടിയതോടെ മാഫിയകള്‍ ഇതിനായി നടത്തുന്നത് വന്‍ റിക്രൂട്ട്‌മെന്റാണ്. മാഫിയാതലവന്‍മാരുടെ മേല്‍നോട്ടത്തില്‍ ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ജോലിയില്ലാത്തതോ, ലഹരി വസ്തുക്കളോട് കമ്പമുളളവരോ ആയ ചെറുപ്പക്കാരെയാണ് ഇവര്‍ പ്രധാനമായും നോട്ടമിടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളുള്ള ആളുകളേയും വിദേശത്ത് ജോലി അന്വേഷിക്കുന്ന സ്ത്രീകളേയും തേടിയും സംഘം എത്തും. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരെ ഇത്തരം സംഘങ്ങള്‍ സംഘടിപ്പിച്ചത് ഗ്രാമങ്ങളില്‍നിന്നാണ്. പലപേരുകളിലായുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും നാട്ടിലെ മറ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറിപ്പറ്റി അതുവഴിയും ഒരിക്കല്‍ സ്വര്‍ണം കടത്തി വിജയിച്ചവരെ ഉപയോഗിച്ച് അവരുടെ സുഹൃത്തുക്കളെ കാന്‍വാസ് ചെയ്തും ഒക്കെയാണ് കാരിയര്‍മാരെ കണ്ടെത്തുന്നത്.

ലഹരി ഉപയോഗിക്കുന്നവരെ ലഹരി നല്‍കി പാട്ടിലാക്കും. സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്നവരുടെ മുന്നില്‍ കടം തീര്‍ക്കാനുള്ള സഹായവുമായും റിക്രൂട്ടര്‍മാര്‍ എത്തും. സ്ത്രീകളെ വീട്ടുജോലിക്കെന്നോ ജോലി അന്വേഷിക്കാനെന്ന് പറഞ്ഞോ കൊണ്ടുപോകും. പണം, ദുബായ്, ഖത്തര്‍, സൗദി തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുമാസം താമസിക്കാനുള്ള അവസരം, അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ്, സൗജന്യ താമസം, സൗജന്യവിസ, കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളവര്‍ക്ക് ഒരുമാസം ഏതെങ്കിലും കടകളില്‍ സഹായിയായി നില്‍ക്കാനുള്ള അവസരം അങ്ങനെ നീളുന്നു കടത്തിനെ ആളെ ഒപ്പിക്കാന്‍ നല്‍കുന്ന ഓഫറുകള്‍.

ആളുകളെ കണ്ടെത്തി തൊട്ടടുത്ത സംഘത്തിന് കൈമാറുന്നതോടെ റിക്രൂട്ടറുടെ പണി കഴിഞ്ഞു. ആളൊന്നിന് രണ്ടായിരം രൂപയോളം കമ്മീഷന്‍ കിട്ടും. കണ്ടെത്തിയ ആളെ വിദേശത്തേക്ക് അയക്കാന്‍ വേണ്ട മറ്റുകാര്യങ്ങള്‍ ചെയ്യുന്നത് വേറെ ആളുകളാണ്. കടല്‍ കടന്ന് ചെന്നാല്‍ പലയിടത്തായി മുറികളില്‍ താമസിപ്പിക്കും, ഭക്ഷണവും നല്‍കും. പിന്നീടങ്ങോട്ട് ഏകദേശം ഒരു മാസത്തോളം നിരീക്ഷണ കാലയളവാണ്.

നാട്ടില്‍ നിന്ന് ഇയാളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഈ കാലയളവില്‍ സംഘം ശേഖരിക്കും. പെരുമാറ്റവും കൃത്യമായി നിരീക്ഷിക്കും. വിശ്വസിപ്പിച്ച് സാധനമേല്‍പ്പിക്കാന്‍ കഴിയുന്ന ആളാണെങ്കില്‍ മാത്രമാണ് ആദ്യം തന്നെ സ്വര്‍ണം നല്‍കി നാട്ടിലേക്ക് വിടുക. എന്തെങ്കിലും പന്തികേട് തോന്നിയാല്‍ ഡ്യൂപ്ലിക്കേറ്റ് സാധനം നല്‍കി അയക്കും. ഇത് കൃത്യ സ്ഥലത്ത് എത്തിച്ചാല്‍ മാത്രം ഇത്തരക്കാരെ രണ്ടോ മൂന്നോ മാസത്തിന് ശേഷം വീണ്ടും കൊണ്ടുപോകും. പോയ ജോലി ശരിയായില്ലെന്ന് പറഞ്ഞാണ് പലരും നാട്ടിലേക്ക് മടങ്ങുക. ഇവരുടെ കയ്യില്‍ സ്വര്‍ണമേല്‍പ്പിക്കുന്നത് വേറെ തന്നെ ആളുകളാണ്. ഈ ആളുടെ വിവരങ്ങള്‍ നാട്ടിലെ ഏജന്റിന് കൈമാറുകയും ചെയ്യും.

അന്‍പതിനായിരം രൂപയിലാണ് കാരിയര്‍മാരുടെ കമ്മീഷന്‍ തുടങ്ങുന്നത്. 10 കിലോ സ്വര്‍ണം എത്തിച്ചാല്‍ ആറ് ലക്ഷം രൂപ വരെ കിട്ടും. തുക ആദ്യം വേണമെങ്കില്‍ വീട്ടിലോ അടുത്ത സുഹൃത്തുക്കളേയോ നാട്ടിലുള്ള ഏജന്റുമാര്‍ ഏല്‍പ്പിക്കും. ഇടപാടുകള്‍ വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യമായതിനാല്‍ ഇടപാടിന് ശേഷം പണം വാങ്ങുന്നതാണ് പല ചെറുപ്പക്കാരുടെയും രീതി. ഏറെ നാളായി വിദേശത്ത് കുടുംബസമേതം താമസിക്കുന്നവരില്‍ നാട്ടിലേക്ക് വരുന്നവരെ പത്ത് പവന്‍ സ്വര്‍ണം ആഭരണമായി കൊണ്ടുവരാം എന്ന ഇളവ് ഉപയോഗിച്ച് ആഭരണങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്നവരും ഉണ്ട്.

സ്ത്രീകളെ അധികം സംശയിക്കില്ല എന്ന ധാരണയാണ് സ്വര്‍ണക്കടത്തുകാര്‍ വിദേശ യാത്രയ്ക്ക് തയ്യാറായിട്ടുള്ള സ്ത്രീകളെ അന്വേഷിക്കുന്നതിനുപിന്നില്‍. കടത്തുകാരില്‍ സ്ത്രീകളും സജീവമാണെങ്കിലും അധികം പിടിക്കപ്പെടാറില്ലെന്നതും മാഫിയകള്‍ക്കും ഇതിനു തയ്യാറാവുന്നവര്‍ക്കും ധൈര്യം പകരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിച്ച് വിമാനം കയറ്റി വീട്ടാല്‍ വീണ്ടും കളികള്‍ നടക്കുന്നത് നാട്ടിലാണ്.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണക്കടത്ത്, മാറുന്ന തന്ത്രങ്ങള്‍

കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി വിമാനത്തവാളങ്ങള്‍ വഴിമാത്രമല്ല ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ വഴിയും കേരളത്തിലെ സംഘങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം കടത്തുന്നുണ്ട്. മാഫിയാസംഘങ്ങളുടെ അംഗബംലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍ വഴിയും കടത്ത് കൂടി. എവിടേക്ക്, ഏത് ദിവസം എത്ര രൂപയാണ് ടിക്കറ്റ് ചാര്‍ജ് എന്ന് നിരീക്ഷിക്കാനും ഇതിനനുസരിച്ച് ടിക്കറ്റ് എടുക്കാനും പലട്രാവല്‍ ഏജന്റുമാരുടേയും സഹായം ഇത്തരം സംഘങ്ങള്‍ക്ക് കിട്ടുന്നുണ്ട്.

പേസ്റ്റ് രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുമാണ് കൂടുതലായും സ്വര്‍ണം കടത്തുന്നത്. ഒരു പ്രത്യേകതരം ലായനിയും ഇപ്പോള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഇത്തരം സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ ലായനിയില്‍ നിശ്ചിത സമയം സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാം. കണ്ടാല്‍ സ്വര്‍ണംകലര്‍ന്നിട്ടുണ്ടെന്ന് തിരിച്ചറിയുകയും ഇല്ല. പിന്നീട് ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ച് എടുക്കാനും പറ്റും.

ലഗേജുകള്‍ കൊണ്ടുവരുന്ന ബാഗിന്റെ വിവിധ ഭാഗങ്ങളാണ് പിടിക്കപ്പെടാതെ കടത്താനുള്ള മറ്റൊരു മാര്‍ഗം. വിമാനത്താവളങ്ങള്‍ക്ക് പുറത്ത് സുരക്ഷിതമായി എത്തിക്കുന്ന സ്വര്‍ണം മറ്റൊരു സംഘം പുറത്തുവച്ചുതന്നെ കൈപ്പറ്റും. പിന്നീട് ഇത് വേര്‍തിരിച്ചെടുക്കുന്നതും വില്‍ക്കാനുള്ള എളുപ്പത്തിന് ചെറിയ തൂക്കത്തിലേക്ക് മാറ്റുന്നതുമാണ് അടുത്ത ഘട്ടം. ഇതിനായി ഫ്‌ളാറ്റുകളും എളുപ്പം ആരുടേയും ശ്രദ്ധയില്‍പ്പെടാത്ത ലോഡ്ജുകളും വീടുകളുമാണ് സുരക്ഷിത കേന്ദ്രങ്ങളായി ഉപയോഗിക്കുന്നത്. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ഉണ്ട് ഇത്തരം കേന്ദ്രങ്ങള്‍. സ്വര്‍ണം കൈപ്പറ്റുന്ന ആളുകള്‍ തന്നെ വില്‍ക്കുന്ന രീതിയും കുറഞ്ഞു. ചെറു സംഘങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. പിടിക്കപ്പെട്ടാല്‍ പ്രധാനകണ്ണികളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ഇത്തരം ചെറുസംഘങ്ങളായി ഓരോ ഘട്ടത്തിലേയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയെന്നോ കടത്തുന്നത് ആര്‍ക്കുവേണ്ടിയെന്നോ ഇവര്‍ക്കും അറിയില്ല.

കോഴിക്കോട് ജില്ലയിലെ കൊടുവളളിയിലാണ് ഇങ്ങനെ കൊണ്ടുവരുന്ന സ്വര്‍ണങ്ങള്‍ കൂടുതലും വില്‍ക്കുന്നതെന്ന് ഒരുകാലത്ത് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വില്‍പ്പന അതിര്‍ത്തിക്കപ്പുറം പോലും നടക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം എത്തിയാല്‍ അത് തിരുവനന്തപുരത്ത് മാത്രമല്ല വില്‍ക്കുക. അയല്‍ജില്ലകളിലേക്കും കന്യാകുമാരി, നാഗര്‍കോവില്‍ വഴി തമിഴ്‌നാട്ടിലേക്കും സ്വര്‍ണം വില്‍ക്കാനായി കൊണ്ടുപോകും. വില്‍പ്പനയിലും ഉണ്ട് കരുതല്‍. കടത്തു സ്വര്‍ണമാണെന്ന് ജൂവലറിക്കാര്‍ക്ക് അറിയാമെങ്കിലും മറ്റാരെങ്കിലും കണ്ട് സംശയം തോന്നാതിരിക്കാന്‍ ഓരോ തവണയും ഓരോ ജൂവലറികളിലാണ് വില്‍പ്പന. വ്യാപകമായി ജൂവലറികളുമായി ഇത്തരം സംഘങ്ങള്‍ അടുപ്പം സ്ഥാപിച്ചുകഴിഞ്ഞു.

ഇനി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വര്‍ണം എത്തുന്നതെങ്കില്‍ വിവിധ മാര്‍ഗങ്ങളിലൂടെ അയല്‍ ജില്ലകളിലേക്കും ട്രെയിനിന്റേയും ബസ്സിന്റേയും ലഭ്യത അനുസരിച്ച് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സ്വര്‍ണം കൊണ്ടുപോകും. കരിപ്പൂരിലും കണ്ണൂരിലും എല്ലാം എത്തുന്ന സ്വര്‍ണവും ഇതുപോലെ തന്നെ പൊതുഗതാഗത മാര്‍ഗങ്ങളുടെ ലഭ്യത അനുസരിച്ച് കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലേക്കും അയല്‍ ജില്ലകളിലേക്കും മറ്റുസംസ്ഥാനങ്ങളിലേക്കും പോകും.

ട്രെയിന്‍, ബസ്സ്, പച്ചക്കറി ലോറി, ചരക്കുവാഹനങ്ങള്‍, കാര്‍, ബൈക്ക്, തുടങ്ങി പലമാര്‍ഗങ്ങളിലായാണ് സ്വര്‍ണം കൊണ്ടുപോകുക. ജൂവലറികളുമായി ബന്ധമുള്ളവര്‍ നേരിട്ട് കടത്തുന്ന സ്വര്‍ണം അവരുടെ ഏജന്റുമാര്‍ തന്നെയാണ് കൊണ്ടുപോകുക. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വിറ്റ് പണമാക്കാന്‍ അതത് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരെ തന്നെയാണ് സംഘം ഉപയോഗിക്കുക. ഇവര്‍ നല്‍കുന്ന പണം കേരളത്തില്‍ നിന്ന് പറഞ്ഞുവിടുന്ന ആളുകള്‍ വഴിയോ അല്ലെങ്കില്‍ അതത് സംസ്ഥാനത്ത് തന്നെയുള്ള ആളുകള്‍ വഴിയോ തന്നെ കേരളത്തില്‍ എത്തും. വിമാനത്താവളങ്ങള്‍ വഴിമാത്രമല്ല, തുറമുഖങ്ങള്‍ വഴിയും സ്വര്‍ണം കടത്താമെന്നാണ് ഇവരില്‍ നിന്ന് തന്നെ ലഭിക്കുന്ന വിവരം.

പൊന്ന് വിറ്റ് കിട്ടുന്ന പണം എന്തുചെയ്യും?

വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്ന സംഘങ്ങള്‍ക്ക് ആരെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കില്‍ അവരുടെ വീട്ടില്‍ അതിന് തുല്യമായ പണം എത്തിക്കുന്നതായിരുന്നു നേരത്തെ കൂടുതലായും ഉള്ള രീതി. 1000- ത്തിന് നൂറ് രൂപ ഇത് കൊണ്ടുപോകുന്ന ആളിന് കമ്മീഷനും നല്‍കും. എന്നാല്‍ ഹവാല കുഴല്‍പ്പണ ഇടപാടുകള്‍ക്ക് പിടിവീഴുന്നത് കൂടിയതോടെ ഈ രീതിമാറി. പണം സ്ഥലക്കച്ചവടത്തില്‍ നിക്ഷേപിക്കുന്നതും കുറഞ്ഞു. വിവിധ ബിസിനസ്സുകളില്‍ ഷെയറായി ചെറുതുകകളായാണ് ഇപ്പോള്‍ ഈ പണത്തിന്റെ നിക്ഷേപം കൂടുതലും. നേരിട്ട് നിക്ഷേപിക്കുന്നവരും ബന്ധക്കാര്‍ക്കോ സ്വന്തക്കാര്‍ക്കോ നല്‍കി അവരെക്കൊണ്ട് നിക്ഷേപം നടത്തുന്നതും കൂടി. ചെറിയ കെട്ടിട നിര്‍മാണ പ്രൊജക്ടുകള്‍ മുതല്‍ ഹോട്ടല്‍ സംരഭങ്ങളിലേക്ക് വരേ ഇങ്ങനെ പണം എത്തുന്നുണ്ട്.

ജൂവലറികളുടെ തന്ത്രങ്ങള്‍

സ്വര്‍ണക്കടത്തുകാരെ സഹായിക്കുന്ന ജൂവലറികള്‍ കടല്‍ കടന്നെത്തുന്ന സ്വര്‍ണം നേരിട്ട് സ്വീകരിക്കുക മാത്രമല്ല ചെയ്യുക, തട്ടാന്‍മാരെ ഉപയോഗിച്ച് ആഭരണങ്ങളാക്കിയാണ് ജൂവലറികളിലേക്ക് കൊണ്ടുവരിക. പര്‍ച്ചേസ് സ്റ്റേജില്‍ 50 ശതമാനം മാത്രം കണക്കില്‍പ്പെടുത്തും. സെയില്‍സ് ടേണോവറും കുറച്ച് കാണിക്കാം. ഏതെങ്കിലും രീതിയില്‍ പിടിക്കപ്പെട്ടാല്‍ സെയില്‍ ഓണ്‍ അപ്രൂവല്‍ ആണെന്ന് കാണിച്ച് ഒരു പരിധിവരെ തടിയൂരാന്‍ കഴിയുമെന്നും ജൂവലറികള്‍ക്ക് നിയമസഹായം നല്‍കുന്നവര്‍ പറയുന്നു.

ഒറ്റ്, കടത്തുപൊട്ടിക്കല്‍

കൂടുതല്‍ സ്വര്‍ണം സുരക്ഷിതമായി കടത്താന്‍ കുറച്ച് സ്വര്‍ണവുമായി വരുന്ന ഒരാളെ കടത്തുകാര്‍ തന്നെ നേരിട്ട് ഒറ്റുന്നത് ഇപ്പോള്‍ പതിവാണ്. ഇയാളെ പരിശോധിച്ച് സ്വര്‍ണം കണ്ടെത്തുന്നതിനിടയിലൂടെ കൂടുതല്‍ സ്വര്‍ണവുമായി എത്തുന്നവര്‍ വിമാനത്താവളത്തിന് പുറത്തുകടക്കും. ഒറ്റിന് ഇരയാക്കുന്നവന് വേണ്ട നിയമസഹായവും സംഘങ്ങള്‍ തന്നെ ചെയ്ത് കൊടുക്കും.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം കിട്ടുന്ന ഏര്‍പ്പാടായതിനാല്‍ ഈ രംഗത്തേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. അതോടെയാണ് കടത്തുപൊട്ടിക്കലും സജീവമായത്. ഒരു ടീമിന്റെ ബിസിനസ്സ് പൊളിക്കാന്‍ പലരീതികളാണ് ഇവര്‍ തന്നെ ഉപയോഗിക്കുന്നത്. അതിന് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും എല്ലാ സഹായവും ഇവര്‍ക്ക് ലഭിക്കുന്നു. ഒരു സംഘത്തിന് വേണ്ടി കൊണ്ടുവന്ന സ്വര്‍ണം കൂടുതല്‍ പണത്തിന് മറ്റൊരു സംഘത്തിലേക്ക് മറിച്ചുവില്‍ക്കന്ന രീതിയും കൂടിയതോടെ ഗുണ്ടാ സംഘങ്ങളും ഈ മേഖലയില്‍ സജീവമായി.

ചതിക്കുന്നവന് വലിയ ശിക്ഷ നല്‍കാനും കടത്തുപൊട്ടിക്കലില്‍ നിന്ന് സംരക്ഷണം തേടാനുമാണ് ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നത്. പൂഴി വെള്ളം കുടിപ്പിക്കലും ക്രൂരമര്‍ദ്ദനവും മാത്രമല്ല ശിക്ഷ, വയനാടുപോലുള്ള സ്ഥലങ്ങളിലെ ചെറിയ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ട് മര്‍ദ്ദിക്കുന്നതും അയല്‍സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ കൊണ്ടുപോയി വിവിധ രീതിയില്‍ ഉപദ്രവിക്കുന്നതും പതിവാണ്. നഷ്ടപ്പെട്ട സ്വര്‍ണം കിട്ടുന്നത് വരെ പലരീതിയിലുള്ള ഉപദ്രവങ്ങള്‍ തുടരും.

Content Highlights: scenes behind gold smuggling gangs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented