പ്രതീകാത്മക ചിത്രം Photo: Screengrab
തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനടക്കമുള്ളവരെ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു. പട്ടികജാതി വികസനവകുപ്പ് മുൻ ഡയറക്ടർ കെ.എസ്. രാജൻ, ഫിനാൻസ് ഓഫീസർ എൻ. ശ്രീകുമാർ എന്നിവരടക്കം അഞ്ച് പേരെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചത്.
ജില്ലാ ഡെവലപ്മെന്റ് ഓഫീസർ സത്യദേവൻ, വർക്കല ഡെവലപ്മെന്റ് ഓഫീസർ സി. സുരേന്ദ്രൻ, വർക്കലയിലെ കമ്പ്യൂട്ടർ സ്ഥാപനമായ പൂർണ്ണ സ്കൂൾ ഓഫ് ഐ.ടിയുടെ സുകുമാരൻ തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും പിഴയുമാണ് ശിക്ഷ.
2002 - 2003 കാലയളവിലാണ് ഇതുമായിബന്ധപ്പെട്ട കേസ് നടക്കുന്നത്. സർക്കാർ ഖജനാവിന് 2,32,500 രൂപ നഷ്ടം വരുത്തി എന്നാണ് കേസ്. വർക്കലയിലെ പൂർണ്ണ ഐ.ടി. സ്കൂളിൽ പട്ടിക ജാതി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിയ പരിശീലന പദ്ധതിയായിരുന്നു ഇത്.
75 ശതമാനത്തോളം തുക സ്ഥാപനത്തിന് അഡ്വാൻസായി നൽകി. എന്നാൽ സ്ഥാപനത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല. 31 വിദ്യാർഥികളായിരുന്നു സ്ഥാപനത്തിൽ പരിശീലനം നേടിയത്. വിദ്യാർഥികൾക്ക് എൽ.ബി.എസിന്റെ സർട്ടിഫിക്കറ്റ് നൽകും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ സ്ഥാപനത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല എന്ന് അറിയുകയായിരുന്നു.
കേസ് വിജിലൻസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. വിജിലൻസ് നൽകിയ കുറ്റപത്രത്തിൽ വിചാരണ പൂർത്തിയാക്കിയതിന് ശേഷമാണ് അഞ്ച് പ്രതികളേയും വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..