സ്വാതിഖ് റഹീം
തൃശ്ശൂർ: സേവ് ബോക്സ് ലേലം ആപ്പുവഴി ലക്ഷങ്ങളുടെ തട്ടിപ്പ്. സംഭവത്തിൽ ഒരാളെ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. 43 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുനടത്തിയെന്ന പരാതിയാണ് ഇതുവരെ ലഭിച്ചത്. പരാതികൾ ഇനിയും കൂടുമെന്ന് പോലീസ് പറയുന്നു.
പോട്ടോർ കുറ്റൂർ എം.കെ. ഗാർഡൻസിൽ താമസിക്കുന്ന വിയ്യൂർ നെടിയപറമ്പിൽ സ്വാതിഖ് റഹീമാണ് (32) പിടിയിലായത്. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
മൂന്നുപരാതികളാണ് ഇയാളുടെ പേരിൽ ലഭിച്ചത്. കമ്പനിയിൽ ഓഹരിയും ലാഭവിഹിതവും നൽകാമെന്നുപറഞ്ഞ് 2021 ഓഗസ്റ്റിൽ കാളത്തോട് സ്വദേശിയുടെ 21 ലക്ഷം രൂപയോളം തട്ടിയെന്ന പരാതിയാണ് ആദ്യം ലഭിച്ചത്. വൻതുക ലാഭം വാഗ്ദാനംചെയ്ത് ഒട്ടേറെപ്പേരിൽനിന്നായി ഇയാൾ പണം ശേഖരിക്കുകയായിരുന്നു. ഓഹരി നൽകാമെന്നുപറഞ്ഞ് ഒരാളിൽനിന്ന് 20 ലക്ഷംരൂപവരെ വാങ്ങിയിട്ടുണ്ട്്. ഫ്രാഞ്ചൈസി വാഗ്ദാനംചെയ്തും പണം വാങ്ങിയിട്ടുണ്ട്.
വാഗ്ദാനംചെയ്ത ലാഭമോ മുടക്കുമുതലോ തിരിച്ചുനൽകാതായതോടെയാണ് ചിലർ പരാതിയുമായി രംഗത്തുവന്നത്. ആദ്യപരാതിയിൽ പോലീസ് കേസെടുത്തത് പുറത്തറിഞ്ഞശേഷമാണ് മറ്റുരണ്ടുപരാതികളെത്തിയത്.
ഇലക്ട്രോണിക് ഉപകരണങ്ങളാണ് സേവ് ബോക്സ് വഴി കൂടുതലും ലേലത്തിനുവെച്ചിരുന്നത്. കുറഞ്ഞവിലയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭിക്കുമെന്നതാണ് ആപ്പിന്റെ പ്രത്യേകതയായി പറഞ്ഞിരുന്നത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഇയാളുടെ പേരിൽ ഉയർന്ന പരാതികളിൽ പലതും ഒതുക്കിതീർക്കുകയായിരുന്നു. വടക്കാഞ്ചേരി, മലപ്പുറം കാളികാവ് എന്നീ പോലീസ് സ്റ്റേഷനുകളിൽ വഞ്ചനക്കേസും നിലവിലുണ്ട്. സേവ് ബോക്സുകൂടാതെ ഇയാളുടെ ചിലസ്ഥാപനങ്ങളുടെ പേരിലും ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നു.
സിനിമാനടന്മാരുടെ കൂടെയുള്ള ചിത്രങ്ങൾ ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാറുണ്ടായിരുന്നു. സിനിമാമേഖലയുമായി ബന്ധപ്പെട്ട പലരുമായും ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു.
പഴയ ഐ ഫോണുകൾ പുതിയ കവറിലിട്ടുനൽകി സിനിമാതാരങ്ങളെ പറ്റിച്ചെന്ന ആരോപണവുമുണ്ട്. ഇന്ത്യയിലെത്തന്നെ ആദ്യ ബിഡ്ഡിങ് ആപ്പ് (ലേല ആപ്പ്) എന്നാണ് സ്ഥാപനത്തെ പരിചയപ്പെടുത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
ലക്ഷങ്ങൾ സിനിമാതാരത്തിന്റെ അക്കൗണ്ടിൽ
സ്വാദിഖ് സമാഹരിച്ച ലക്ഷങ്ങൾ ഒരു ചലച്ചിത്രതാരത്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്നും ആരോപണമുണ്ട്. ഒരുകോടി സമാഹരിച്ചതിൽ 75 ലക്ഷത്തോളം നടനുനൽകിയെന്നാണ് സ്വാദിഖ് പറയുന്നത്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
ഇതിൽ 60 ലക്ഷത്തോളം അക്കൗണ്ടിലൂടെയാണ് കൈമാറിയത്. പക്ഷേ, പരസ്യം പുറത്തുവന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെ പണം തിരിച്ചുകിട്ടാതായി.
Content Highlights: save box Fraud-collected money went to the account of a movie star'
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..