സ്വപ്‌ന സുരേഷ്, സരിത എസ്.നായർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു.
സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ തനിക്കെതിരേ പരാമര്‍ശമുണ്ടെന്നും അതിനാല്‍ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു സരിത ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി തള്ളിയത്. അതേസമയം, കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജന്‍സിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇ.ഡി.യാണെന്നും കോടതി പറഞ്ഞിരുന്നു. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്നും ഇ.ഡി.ക്ക് മാത്രമേ പകര്‍പ്പ് ലഭിക്കുവാന്‍ അവകാശമുള്ളൂവെന്നും കോടതി വ്യക്തമാക്കി. അതേസമയം, രഹസ്യമൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. കേസിലെ അന്വേഷണത്തിനായി രഹസ്യമൊഴിയുടെ പകര്‍പ്പ് അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
Content Highlights: saritha s nair seeks 164 statement of swapna suresh court rejected the petition


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..