Photo: Mathrubhumi
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റില്‍നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘം. വിജിലന്‍സിന്റെ പാലക്കാട് യൂണിറ്റാണ് സരിത്തിനെ ബുധനാഴ്ച രാവിലെ ഫ്ളാറ്റില്‍നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെവന്നുവെന്നും വിജിലന്‍സ് അറിയിച്ചു. സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സാണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെയാണെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. 'സരിത്തിനെ എന്തിനാണ് വിജിലന്‍സ് കൊണ്ടുപോയത്. അങ്ങനെയാണെങ്കില്‍ ആദ്യം ശിവശങ്കറിനെ കൊണ്ടുപോകണം, പിന്നെ സ്വപ്നയെ കൊണ്ടുപോകണം, അതിനുശേഷമേ സരിത്തിനെ കൊണ്ടുപോകാവൂ. ഒരു അറിയിപ്പും ഇല്ലാതെ തട്ടിക്കൊണ്ടുപോകുന്നത് എന്തിനാണ്? പൊളിറ്റിക്സ് ഈസ് എ ഡേര്‍ട്ടി ഗെയിം, എനിക്ക് ഭയമില്ല, വീട്ടിലുള്ളവരെയും സഹായിക്കുന്നവരെയും തട്ടിക്കൊണ്ടുപോകുന്നതിന് പകരം എന്നെ കൊല്ലൂ', സ്വപ്ന പറഞ്ഞു. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവത്തില്‍ പരാതി നല്‍കുമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സ്വപ്ന വ്യക്തമാക്കി.
സരിത്തിന്റെ പേരില്‍ ഒരു എഫ്.ഐ.ആറും ഇനിയില്ല. അദ്ദേഹത്തിന്റെ പേരിലുള്ള കേസില്‍ ജാമ്യം ലഭിച്ചതുമാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നതെന്നും ഇതാണോ കേരള പോലീസിന്റെ നിലവാരമെന്നും സ്വപ്ന ചോദിച്ചു. തനിക്കും ഒപ്പമുള്ളവര്‍ക്കും മുഖ്യമന്ത്രി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
തന്റെയും സരിത്തിന്റെയും കുടുംബത്തെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. ഇന്നേവരെ താന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോള്‍ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. ഞങ്ങളെ തട്ടിക്കൊണ്ടുപോകരുത്. ഇത്തരം ഡേര്‍ട്ടി ഗെയിം പാടില്ല. മുഖ്യമന്ത്രിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. സരിത്തിന്റെ പേരില്‍ ഒരു എഫ്.ഐ.ആറും പെന്‍ഡിങ്ങില്ല. ഉള്ള കേസില്‍ ജാമ്യത്തിലാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്. ഇതാണോ കേരള പോലീസ്? വിജിലന്‍സ് സമന്‍സ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, സിബിഐ സമന്‍സ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും സ്വപ്ന ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..