ആസിഡും വടിവാളുമായി വീടിന് പിന്നിലെത്തി ഒളിച്ചിരുന്നു, സന്തോഷ് എത്തിയത് വിദ്യയെ കൊല്ലാനുറച്ച്


സന്തോഷ്, വിദ്യ

പത്തനംതിട്ട: വീട്ടില്‍കയറി യുവതിയെയും അച്ഛന്‍ വിജയനെയും ക്രൂരമായി വെട്ടിയതിനുശേഷം കടന്ന സന്തോഷിനെ പോലീസ് പിടികൂടിയത് തന്ത്രപരമായി. കൃത്യം നടന്ന് മൂന്നര മണിക്കൂറിനകം സന്തോഷിനെ കൂടല്‍ സി.ഐ. ജി.പുഷ്പരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

ആക്രമണംനടന്ന സ്ഥലത്തുനിന്ന് സന്തോഷിന്റെ ഫോണ്‍ നമ്പര്‍ ശേഖരിച്ച പോലീസ് ഫോണ്‍കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ഇതിനൊപ്പം സന്തോഷ് ഏഴംകുളത്തുള്ള വീട്ടില്‍ എത്താനുള്ള സാധ്യതയും മനസ്സിലാക്കി അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ഏഴംകുളത്തുള്ള വീട്ടില്‍ പോലീസെത്തിയ സമയത്ത് സന്തോഷ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് സന്തോഷിന്റെ അനുജനെ പോലീസ് ചോദ്യം ചെയ്തത്.ആക്രമണം നടത്തിയശേഷം സന്തോഷ് വീട്ടില്‍ എത്തിയിരുന്നതായും ചോദ്യംചെയ്യലില്‍ മനസ്സിലായി.

പോലീസ് വീട്ടില്‍ നില്‍ക്കുന്ന സമയത്ത് സന്തോഷ് വീണ്ടും അതുവഴിവന്നു. വീട്ടില്‍ ആളുണ്ടെന്ന് മനസ്സിലാക്കി ബൈക്കില്‍ പാഞ്ഞുപോകുകയും ചെയ്തു.പോലീസ് ബൈക്കിനെ പിന്തുടര്‍ന്നാണ് പഴകുളത്തെത്തി പിടികൂടിയത്.

സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ വലയിലാക്കാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് കൂടല്‍ സി.ഐ. ജി.പുഷ്പരാജ്, എസ്.ഐ. കെ.ദിജേഷ്, എസ്.ഐ. വാസുദേവക്കുറുപ്പ്, എസ്.സി.പി.ഒ. അജിത്കുമാര്‍, സി.പി.ഒ.മാരായ അനൂപ്, പ്രമോദ് എന്നിവര്‍ നടത്തിയത്. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴും ജനങ്ങളുടെ രോഷം മനസ്സിലാക്കി അവരെ ശാന്തരാക്കുന്നതിനും പോലീസ് വലിയ ശ്രമം നടത്തി.

പ്രതിയെ തിരഞ്ഞ് നാട്ടുകാരും

കലഞ്ഞൂരില്‍ ഏറ്റവും അധികം ജനവാസമുള്ള പ്രദേശമാണ് പറയന്‍കോട്. കലഞ്ഞൂര്‍ ടൗണ്‍ വാര്‍ഡിലെ വീട്ടില്‍ക്കയറി അച്ഛനെയും മകളെയും ക്രൂരമായി വെട്ടിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. പ്രദേശവാസികള്‍ പെട്ടെന്ന് ആ വീട്ടിലേക്ക് പാഞ്ഞെത്തി. വിജയനെയും മകള്‍ വിദ്യയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഉടന്‍ നാട്ടുകാരും പോലീസും പ്രതിയായ സന്തോഷിനെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ തോട്ടം വഴി ഓടിരക്ഷപ്പെട്ടെന്നുള്ള അറിവ് വെച്ച് അവിടമെല്ലാം നാട്ടുകാരും പോലീസും പരിശോധിച്ചു.

'സാറെ അവനെ ഇങ്ങോട്ടൊന്ന് ഇറക്കിവിടാമോ, ഞങ്ങടെ കുഞ്ഞിനെയാണ് അവന്റെ പിഞ്ചുകുഞ്ഞിന് മുമ്പിലിട്ട് ക്രൂരമായി വെട്ടിയത്' -കലഞ്ഞൂര്‍ പറയന്‍കോട് വീട്ടില്‍ കയറി വിദ്യയെയും അച്ഛന്‍ വിജയനെയും ക്രൂരമായി വെട്ടിയ കേസിലെ പ്രതിയായ സന്തോഷിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ രോഷാകുലരായിരുന്നു നാട്ടുകാര്‍.

അഞ്ചുവര്‍ഷമായി ജീവിതത്തില്‍വന്ന ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കാതെ മുന്നോട്ട് ജീവിക്കാന്‍ കടകളില്‍പോയും ട്യൂഷനെടുത്തും കഴിയുന്ന വിദ്യ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു. സ്വന്തം കുഞ്ഞിന് മുമ്പിലിട്ട് ക്രൂരമായി വെട്ടിയ സന്തോഷിനെ ഇവിടേക്ക് കൊണ്ടുവന്നപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ രീതിയിലാണ് രോഷംപ്രകടിപ്പിച്ചത്.

വലിയ പരിശ്രമം നടത്തിയാണ് പോലീസ്, സന്തോഷിനെ വിദ്യയുടെ വീടിന് മുമ്പില്‍ ഇറക്കിയത്. നിരവധിതവണ നാട്ടുകാരെ പിടിച്ചുമാറ്റി തന്നെ തെളിവെടുപ്പ് നടത്തേണ്ടിവന്നു. വീട്ടിനുള്ളിലേക്കുവന്ന വഴിയും ആക്രമണം നടത്തിയ രീതിയുമെല്ലാം നിര്‍വികാരനായി പോലീസിനോട് സന്തോഷ് പറഞ്ഞു. കൊലപ്പെടുത്താന്‍ തന്നെയാണ് വന്നതെന്നും തന്റെ കൈയില്‍ ആസിഡ് ഉണ്ടായിരുന്നതായും വിദ്യയുടെ വീട്ടില്‍വെച്ചും സന്തോഷ് പോലീസിന് മൊഴിനല്‍കി.

താന്‍ വന്ന വഴി മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം പോലീസിന് മുമ്പില്‍ വിവരിച്ച് നല്‍കി. സമീപത്തെ വീട്ടിനരികില്‍ക്കൂടി വിദ്യയുടെ വീടിന് പിന്നിലെത്തി ഒളിച്ചിരുന്ന ശേഷമാണ് മുന്‍പിലേക്ക് എത്തിയത്. ഈ സമയം വീടിന് പിന്നില്‍ തന്നെ ചെരിപ്പ് ഊരിയിട്ടിരുന്നു. അതിന് സമീപത്തായി കന്നാസിലുള്ള ആസിഡും വെച്ചു. ഇതെല്ലാം പോലീസ് തെളിവായി ശേഖരിച്ചു.

ചോരയില്‍പകച്ച് ആ അഞ്ചുവയസ്സുകാരന്‍

അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ടി.വി. കണ്ടുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരന്‍ സഞ്ജയന്റെ മുമ്പിലേക്കാണ് ആക്രമണം നടത്താന്‍ സന്തോഷ് എത്തിയത്. ഈ കുരുന്നിന്റെ മുമ്പിലിട്ട് വടിവാള്‍ വീശി തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മുറിയിലാകെ ചോര ചീറ്റിയിരുന്നു. ഭയന്ന് നിലവിളിച്ച കുഞ്ഞിന്റെയും വിദ്യയുടെയും ശബ്ദംകേട്ടാണ് വിജയനും അടുക്കളയില്‍ അത്താഴം തയ്യാറാക്കുകയായിരുന്ന അമ്മ സുധയും ഓടിയെത്തിയത്.

ചോരയില്‍ കുളിച്ച് അമ്മയെയും മുത്തശ്ശനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുകണ്ട കുഞ്ഞ് വീണ്ടും കരയുകയായിരുന്നു.രാവിലെ അമ്മയെ തിരക്കിയെങ്കിലും ആശുപത്രിയില്‍ മോനെയും കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് വിദ്യയുടെ സഹോദരി സുവിധയും അമ്മ സുധയും കുഞ്ഞിനരികില്‍തന്നെയിരുന്നത്.ഞായറാഴ്ച രാവിലെ തെളിവെടുപ്പിന് സന്തോഷിനെ കൊണ്ടുവന്നപ്പോഴും ഭയത്തോടെ അമ്മൂമ്മയുടെ അരികിലേക്ക് സഞ്ജയ് മാറിനില്‍ക്കുകയായിരുന്നു.

Content Highlights: pathanathitta, wife, attack, husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented