File Photo/Mathrubhumi News
കോഴിക്കോട്/പാലക്കാട്: പാലക്കാട്ട് ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹ്സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാള്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2021 നവംബര്‍ 15-നാണ് ആര്.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്.
അതേസമയം, പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ പ്രതികളുമായി പോലീസ് സംഘം തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കാളിയായ ഫയാസ് എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇതില്‍ ഇഖ്ബാലുമായാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തുന്നത്. പത്തിരിപ്പാല മണ്ണൂര്‍, മുണ്ടൂര്‍, കോങ്ങാട്, മേലാമുറി തുടങ്ങിയ സ്ഥലങ്ങളിലാകും തെളിവെടുപ്പ് നടക്കുക. പ്രതി ഉപയോഗിച്ച സ്കൂട്ടറും ആയുധവും ഇവിടങ്ങളില്‍നിന്ന് കണ്ടെടുക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ശ്രീനിവാസന് വധക്കേസില്‍ ഇതുവരെ ഒമ്പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.
Content Highlights: sanjth murder case accused arrested from kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..