പ്രതീകാത്മക ചിത്രം | മാതൃഭൂമി
മുംബൈ: മഹാരാഷ്ട്രയിലെ ശക്തിമില്‍സ് കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികളായ വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് സാധ്‌ന എസ് ജാദവ്, ജസ്റ്റിസ് പൃഥ്വിരാജ് കെ. ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്.
വധശിക്ഷ റദ്ദാക്കിയതോടെ ഇനിയുള്ള കാലം പ്രതികള്‍ ജയിലില്‍ കഴിയേണ്ടിവരും. ഇവര്‍ക്ക് പരോളോ താത്കാലിക വിടുതലോ ലഭിക്കില്ല. പ്രതികള്‍ക്ക് ഇനി സമൂഹവുമായി ഇടപഴകാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ്. ബലാത്സംഗത്തിന് ഇരയായ വ്യക്തി ശാരീരികമായി മാത്രമല്ല, മാനസികമായും ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്. പക്ഷേ, പൊതുജനാഭിപ്രായവും പ്രതിഷേധവും കണക്കിലെടുത്താകരുത് കോടതി വിധി. വധശിക്ഷയെന്നാല്‍ അപൂര്‍വമായ ഒന്നാണെന്നും കോടതി പറഞ്ഞു.
2013 ഓഗസ്റ്റിലാണ് മുംബൈയില ശക്തിമില്‍സ് പരിസരത്തുവെച്ച് ഫോട്ടോ ജേണലിസ്റ്റായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍.
ഇതിനുപിന്നാലെ 19-കാരിയായ ഒരു ടെലഫോണ്‍ ഓപ്പറേറ്ററും ബലാത്സംഗ പരാതിയുമായി രംഗത്തെത്തി. ശക്തിമില്‍സ് പരിസരത്തുവെച്ച് തന്നെയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു 19-കാരിയുടെ പരാതി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നുപ്രതികള്‍ ഈ കേസിലും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചിലാണ് രണ്ട് കേസുകളിലും കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ടെലഫോണ്‍ ഓപ്പറേറ്ററെ ബലാത്സംഗം ചെയ്ത കേസിലാണ് ആദ്യം വിധി പ്രസ്താവിച്ചത്. മിനിറ്റുകള്‍ക്കകം ഫോട്ടോ ജേണലിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലും വിധി പറഞ്ഞു. രണ്ട് കേസുകളിലും ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ക്കും വധശിക്ഷയായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്.
ആവര്‍ത്തിച്ച് പീഡന കേസുകളില്‍ പ്രതികളാകുന്നവരെ ജീവിതകാലം മുഴുവന്‍ കഠിനതടവിനോ തൂക്കിക്കൊല്ലാനോ വിധിക്കാമെന്ന നിയമഭേദഗതി അനുസരിച്ചായിരുന്നു ഈ വിധി. ഡല്‍ഹി നിര്‍ഭയ കേസിന് പിന്നാലെയാണ് ഈ നിയമഭേദഗതി നടപ്പിലാക്കിയത്. എന്നാല്‍ പ്രതികള്‍ ഉള്‍പ്പെട്ട രണ്ടുകേസുകളിലും വിധി പ്രസ്താവിച്ചത് ഒരുമിച്ചാണെന്നും അതിനാല്‍ ഈ നിയമഭേദഗതിയനുസരിച്ച് ശിക്ഷിക്കാനാകില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ട് കേസുകളിലും വിചാരണ നടന്നത് ഒരേകാലയളവിലാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..