മണികണ്ഠൻ
പത്തനംതിട്ട: ശബരിമല വഴിപാടിന് വ്യാജ രസീത് നല്‍കി ഭക്തനില്‍നിന്നും പണം തട്ടിയ കേസിലെ പ്രധാനപ്രതി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠനെ(കടപ്പന്‍) പമ്പാ പോലീസ് കോയമ്പത്തൂരിലെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ റാന്നി കോടതി റിമാന്‍ഡുചെയ്തു. പിടിക്കപ്പെടുന്നതിനു മുന്‍പ്, ഇയാള്‍ വഴിപാടിന്റെ പേരില്‍ വാങ്ങിയ 1.60ലക്ഷം ഭക്തന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തി. അറസ്റ്റ് മുന്നില്‍കണ്ടായിരുന്നു ഈ നീക്കമെന്ന് പോലീസ് കരുതുന്നു.
അതിനിടെ, ഇയാള്‍ക്ക് ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തെ പി.ഡബ്ലു.ഡി. റെസ്റ്റ് ഹൗസില്‍ നിരവധി ദിവസം ഇയാള്‍ താമസിച്ചിരുന്നു. ഉന്നത സ്വാധീനമില്ലാതെ തീര്‍ഥാടന കാലത്ത് ഏറെ ദിവസം ഒരാള്‍ക്ക് റെസ്റ്റ് ഹൗസില്‍ മുറി കിട്ടില്ല.
മാര്‍ച്ച് 27-നാണ് കോയമ്പത്തൂര്‍ സി.കെ. കോളനി ശബരീനന്ദനത്തില്‍ കടപ്പന്റെ അക്കൗണ്ടിലേക്ക് ചെന്നൈ സ്വദേശി, ഗോപിനാഥ് രുദ്രാംഗദന്‍ 1.60 ലക്ഷം രൂപ നിക്ഷേപിച്ചത്. വഴിപാടുകളുടെ ബുക്കിങ് എന്ന നിലയിലാണ് പണം കൈമാറിയത്.
രസീതുപ്രകാരം, അടുത്ത നവംബര്‍ 23-ന് ശബരിമലയില്‍ കളഭാഭിശേകം, തങ്ക അങ്കി ചാര്‍ത്ത് എന്നിവ ഗോപിനാഥിന്റെ പേരില്‍ ബുക്ക് ചെയ്‌തെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ രസീത് കണ്ട് സംശയം തോന്നിയതോടെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പമ്പ പോലീസിന് പരാതി നല്‍കുകയായിരുന്നു.
Content Highlights: sabarimala fake receipt fraud case main accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..