ശബരി, ഒന്നാംപ്രതി സുൽഫിത്ത് സി.പി.എം. ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിലെ ആഘോഷത്തിൽ. ഏരിയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻ. സോമനാണു കേക്കു നൽകുന്നത് (ഫയൽച്ചിത്രം)
ആലപ്പുഴ: ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയെുള്ളവര്‍ ചേര്‍ന്ന് ഹെല്‍മെറ്റുകൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ കരിക്കാട്ട് കെ. ബാലകൃഷ്ണന്റെ മകന്‍ ശബരി (28) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ മരിച്ചത്.
17-നു വൈകീട്ട് പള്ളിപ്പാട് നീറ്റൊഴുക്കു ജങ്ഷനു സമീപത്തായിരുന്നു ആക്രമണം. ഡി.വൈ.എഫ്.ഐ. പള്ളിപ്പാട് മണ്ഡലം സെക്രട്ടറി മുട്ടം കാവില്‍ തെക്കതില്‍ സുല്‍ഫിത്ത് (27), മണ്ഡലം കമ്മിറ്റിയംഗം മുട്ടം കണ്ണന്‍ഭവനം കണ്ണന്‍മോന്‍ (27), മുതുകുളം വടക്ക് ചൂളത്തെരുവ് വടക്കേവീട്ടില്‍ അജേഷ്‌കുമാര്‍ (28) എന്നിവര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. സുല്‍ഫിത്താണ് ഒന്നാം പ്രതി. കണ്ണന്‍മോന്‍ മൂന്നാം പ്രതിയും.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശബരിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. നേരത്തേയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന സുല്‍ഫിത്തിനെ ഭയന്നാണിതെന്ന് ആരോപണമുണ്ട്. അരമണിക്കൂറോളം രക്തംവാര്‍ന്ന് റോഡില്‍ കിടന്ന ശബരിയെ ഹരിപ്പാട് പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
ശബരിവധക്കേസില്‍ പ്രതിയായ സുല്‍ഫിത്തിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റിയതായി ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ശബരിയുടെ അമ്മ: സുപ്രഭ. സഹോദരന്‍: ശംഭു (റിലയന്‍സ്, ഹൈദരാബാദ്). മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം, സംസ്‌കാരം വ്യാഴാഴ്ച വൈകീട്ടു വീട്ടുവളപ്പില്‍.
സംഭവിച്ചത് ആളുമാറി ആക്രമണം; സദാചാര ഗുണ്ടായിസം
പ്രതികളിലൊരാളുടെ ബന്ധുവായ യുവതിയുമായി ബന്ധമുണ്ടെന്ന സംശയത്താലാണു ശബരിയെ ആക്രമിച്ചെതെന്നാണു പോലീസ് സൂചിപ്പിക്കുന്നത്. പതിവായി ബുള്ളറ്റ് ബൈക്കില്‍ യാത്രചെയ്യുന്ന ഒരാളുമായി യുവതിക്കു ബന്ധമുണ്ടെന്നാണു നാട്ടുകാരില്‍ ചിലരും ചില ബന്ധുക്കളും സംശയിച്ചത്. ഇയാളെ പിടികൂടാന്‍ സുല്‍ഫിത്ത് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നു.
ആക്രമണമുണ്ടായ ദിവസം ശബരി ഇതുവഴി ബൈക്കില്‍ പോകുന്നതുകണ്ട് സുല്‍ഫിത്ത് തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തു. തര്‍ക്കത്തെത്തുടര്‍ന്ന് സുല്‍ഫിത്തും കൂട്ടുപ്രതികളും ചേര്‍ന്നു ശബരിയെ ആക്രമിച്ചെന്നും ഇതിനിടെ സ്ഥലത്തെത്തിയ അജേഷ്‌കുമാര്‍ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയെന്നുമാണ് പോലീസ് പറയുന്നത്.
യുവതിയുമായി ബന്ധമുണ്ടായിരുന്നതു മാവേലിക്കര സ്വദേശിയായ ഒരാള്‍ക്കായിരുന്നുവെന്നു ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു വി. നായര്‍ പറഞ്ഞു. ഇയാളുടെയും യുവതിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവദിവസം ഇരുവരും തമ്മില്‍ റോഡില്‍വെച്ചു വഴക്കു കൂടിയതായും ശബരി ഈ സമയം അതുവഴി ബുള്ളറ്റില്‍ പോയതായും ഇവരുടെ മൊഴികളിലുണ്ട്. ശബരിക്കു യുവതിയുമായി പരിചയമില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം.
കൊല്ലപ്പെട്ടതു യുവസംരംഭകന്‍, കുടുംബം സി.പി.എം. അനുഭാവികള്‍
ആലപ്പുഴ: മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനശേഷം അച്ഛനൊപ്പം നിര്‍മാണക്കരാറുകള്‍ ഏറ്റെടുത്തു നടത്തിവന്ന യുവസംരംഭകനാണ് ഹരിപ്പാട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ശബരി. അച്ഛന്‍ കെ. ബാലകൃഷ്ണന്‍ നേരത്തേമുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മാണക്കരാറുകള്‍ ഏറ്റെടുക്കുന്നുണ്ടായിരുന്നു. ശബരി കൂടി ചേര്‍ന്നതോടെ നിര്‍മാണ സാമഗ്രികളുടെ വിതരണം ഉള്‍പ്പെടെ പ്രവൃത്തികള്‍ വിപുലീകരിച്ചു. ഇതിനിടെയാണ് ശബരി കൊല്ലപ്പെട്ടത്. ശബരിയുടെ കുടുംബം സി.പി.എം. അനുഭാവികളാണെന്നും എന്നിട്ടും സംഭവത്തിനുശേഷം നേതാക്കളാരും ബന്ധപ്പെട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഒന്നാംപ്രതിയുടെ ക്രിമിനല്‍ബന്ധം വ്യക്തമായിട്ടും മാറ്റാതെ പാര്‍ട്ടി നേതൃത്വം
ശബരി വധക്കേസിലെ ഒന്നാംപ്രതി സുല്‍ഫിത്തിന്റെ ക്രിമിനല്‍ബന്ധം വ്യക്തമായിട്ടും ഡി.വൈ.എഫ്.ഐ. നേതൃത്വത്തില്‍നിന്നു ഇയാളെ മാറ്റിനിര്‍ത്താന്‍ സി.പി.എം. തയ്യാറായില്ലെന്ന് ആരോപണം. പള്ളിപ്പാട് മേഖലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ചു ചര്‍ച്ചയുണ്ടായെന്നാണ് അറിയുന്നത്. എന്നാല്‍, ഇയാളെ മേഖലാ സെക്രട്ടറിയാക്കുകയാണു ചെയ്തത്.
2019 ഡിസംബര്‍ 27-നു ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസില്‍ സുല്‍ഫിത്ത് പ്രതിയാണ്. പള്ളിപ്പാട് നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഗിരീഷിനെ (40) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
പാര്‍ട്ടിബന്ധം ഉപയോഗപ്പെടുത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുണ്ട്. സി.പി.എം. നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിവന്ന സുല്‍ഫിത്ത് അടുത്തിടെ നടന്ന ഏരിയസമ്മേളനത്തിനുശേഷം പാര്‍ട്ടി ഓഫീസില്‍ കേക്കുമുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സുല്‍ഫിത്തിനെ മാറ്റിനിര്‍ത്തിയതായി ഡി.വൈ.എഫ്.ഐ.
ശബരിവധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുല്‍ഫിത്തിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയതായി ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആര്‍. അരുണ്‍ചന്ദ്രന്‍, പ്രസിഡന്റ് അനസ് നസിം എന്നിവരറിയിച്ചു. സംഭവം പരിഹരിക്കുന്നതില്‍ സുല്‍ഫിത്തിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണു നടപടി.
Content Highlights: sabari murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..