1. പ്രതീകാത്മകചിത്രം 2. ആഖിൽ | Mathrubhumi archives
കോഴിക്കോട്: കൂരാച്ചുണ്ടില്‍ ആത്മഹത്യക്കു ശ്രമിച്ച റഷ്യന്‍ യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. പ്രതി കൂരാച്ചുണ്ട് സ്വദേശിയായ ആഖിലിനെ (27) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ് റഷ്യന്‍ യുവതി. ആണ്‍ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്.
ആഖിലില്‍നിന്ന് ലൈംഗിക പീഡനത്തിനും മര്‍ദനത്തിനും ഇരയായെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാന്‍ അനുവദിക്കാതെ തടങ്കലില്‍വെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിലുണ്ട്. ആഖിലിന്റെ വീട്ടില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ലഹരിവസ്തു കൈവശം വെച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ആഖിലിനെ റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയാണ് പരിക്കേറ്റ റഷ്യന്‍ യുവതിയായ 27-കാരിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. ആഖിലിന്റെ വീട്ടില്‍നിന്ന് സമീപത്തെ കടയിലേക്ക് രക്ഷിക്കണമെന്ന് പറഞ്ഞ് യുവതി ഓടിയെത്തുകയായിരുന്നു. വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ടെറസില്‍നിന്ന് ചാടിയതായാണ് വിവരം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടതാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഖത്തറിലായിരുന്ന ആഖിലിന്റെ അടുത്തേക്ക് പിന്നീട് റഷ്യയില്‍നിന്നും യുവതി എത്തി. കഴിഞ്ഞമാസം ഇരുവരും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് വരുകയും പലയിടങ്ങളിലും താമസിച്ചശേഷം ഏതാനും ദിവസംമുമ്പ് കൂരാച്ചുണ്ടിലെ വീട്ടിലെത്തുകയുമായിരുന്നു. നിരന്തരമായ ശാരീരിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.
റഷ്യന്‍ ഭാഷ മാത്രം അറിയുന്ന യുവതിയില്‍ നിന്ന് ദ്വിഭാഷി മുഖേന പോലീസ് ആശുപത്രിയില്‍വെച്ച് മൊഴി രേഖപ്പെടുത്തി. ആശുപത്രി വാര്‍ഡില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിയുകയാണിവര്‍. 2024 ഫെബ്രുവരിവരെ ഇന്ത്യയില്‍ തങ്ങാനുള്ള വിസ ഇവര്‍ക്കുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ അതിനു മുന്നേതന്നെ യുവതിയെ നാട്ടിലേക്കയക്കാനാണ് തീരുമാനം. പാസ്‌പോര്‍ട്ട് ആഖില്‍ നശിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയിരുന്നു. ഇതോടെ താത്കാലിക പാസ്‌പോര്‍ട്ട് അനുവദിച്ചുനല്‍കാനാണ് കോണ്‍സുലേറ്റ് അധികൃതര്‍. ഇവര്‍ റഷ്യയിലുള്ള യുവതിയുടെ രക്ഷിതാക്കളുമായി സംസാരിച്ചു. എന്നാല്‍ കേസ് പുരോഗമിക്കുന്നതിനിടെ ഇരയ്ക്ക് നാട്ടില്‍ പോകാനാവുമോ എന്നതില്‍ കോടതിയുടെ തീരുമാനം വരേണ്ടതുണ്ട്. കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പി. സുനില്‍കുമാറാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ റഷ്യന്‍യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്ത് പേരാമ്പ്ര ഡിവൈ.എസ്.പി.യോട് റിപ്പോര്‍ട്ട് തേടി. എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം
Content Highlights: russian woman said that she was subjected to sexual harassment, drug use, and severe harassment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..