പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.കെ.സന്തോഷ്/ മാതൃഭൂമി
കോഴിക്കോട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസമാണ് കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് സൂചന. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.
യുവതിയുടെ ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വാര്‍ഡിലേക്ക് മാറ്റിയശേഷം ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
മോസ്‌കോ സ്വദേശിയായ യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ആദ്യം ചികിത്സിച്ച കൂരാച്ചുണ്ട് പി.എച്ച്.സി.യിലെ ഡോക്ടര്‍ പറഞ്ഞു. കെട്ടിടത്തിന്റെ സണ്‍ഷേഡില്‍നിന്ന് ചാടിയ യുവതിയെ പോലീസുകാരാണ് പി.എച്ച്.സി.യില്‍ എത്തിച്ചത്. എന്നാല്‍ വീഴ്ചയില്‍ കാര്യമായ പരിക്കേറ്റിട്ടില്ലായിരുന്നു.
ഒപ്പമുള്ള യുവാവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് യുവതി ഡോക്ടറോട് പറഞ്ഞത്. നെഞ്ചില്‍ കടിയേറ്റ പാടുകളുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് യുവാവ് കീറിക്കളഞ്ഞെന്നും യുവതി പറഞ്ഞിരുന്നു. ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. 27 വയസ്സുകാരിയായ റഷ്യന്‍ യുവതി ഖത്തര്‍ വഴിയാണ് കേരളത്തില്‍ എത്തിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: russian woman admitted in kozhikode medical college after suicide attempt in koorachund
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..