എൻ.സി.ബി. പിടിച്ചെടുത്ത വിവിധ ലഹരിമരുന്നുകൾ. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ | Photo: twitter.com/narcoticsbureau
പനജി: ഒളിമ്പിക് മെഡല്‍ ജേതാവായ റഷ്യന്‍ വനിതാ നീന്തല്‍ താരം ഉള്‍പ്പെടെ മൂന്നുപേര്‍ ലഹരിമരുന്നുമായി ഗോവയില്‍ പിടിയില്‍. റഷ്യന്‍ നീന്തല്‍ താരമായ സ്വെറ്റ്‌ലാന വാര്‍ഗനോവ, മുന്‍ റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനായ ആന്ദ്രേ, ഗോവ സ്വദേശിയായ ആകാശ് എന്നിവരെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് മൂവരെയും പിടികൂടിയതെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളില്‍നിന്ന് 88 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 8.8 ഗ്രാം കൊക്കെയ്ന്‍, 242.5 ഗ്രാം ചരസ്, 16.49 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് ചെടികള്‍, എം.ഡി.എം.എ, ഒന്നരക്കിലോയോളം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഗോവയിലെ അരംബോല്‍ കേന്ദ്രീകരിച്ച് റഷ്യന്‍ ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് എന്‍.സി.ബി.യുടെ ഗോവ യൂണിറ്റ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 13-ാം തീയതി ചരസും എം.ഡി.എം.എ.യുമായി സ്വെറ്റ്‌ലാന വാര്‍ഗനോവ എന്‍.സി.ബി.യുടെ പിടിയിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശ് എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വിപുലമായ ലഹരിമരുന്ന് വില്‍പന ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്നും ഒരു റഷ്യക്കാരന്റെ നിര്‍ദേശമനുസരിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഇയാളെയും എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേദിവസം തന്നെ 20 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി ആന്ദ്രേയും എന്‍.സി.ബി.യുടെ പിടിയിലായി. ഇയാളെ ചോദ്യംചെയ്തതോടെയാണ് ഗോവയിലെ വീട്ടില്‍ ഹൈഡ്രോ കഞ്ചാവ് കൃഷി നടത്തുന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ദീര്‍ഘകാലമായി ഗോവ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന ആന്ദ്രേ ഇന്ത്യയിലെ മറ്റുനഗരങ്ങളിലേക്കും ലഹരിശൃംഖല വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അറസ്റ്റിലായ സ്വെറ്റ്‌ലാന വാര്‍ഗനോവ റഷ്യന്‍ നീന്തല്‍ താരവും 1980-ലെ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവുമാണ്.
പ്രതികളില്‍നിന്ന് ഏകദേശം വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ നാലരലക്ഷത്തിലേറെ രൂപ എന്‍.സി.ബി. പിടിച്ചെടുത്തിട്ടുണ്ട്. വ്യാജരേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. കേസില്‍ എന്‍.സി.ബി.യുടെ വിശദമായ അന്വേഷണം തുടരുകയാണ്.
Content Highlights: russian olympic medalist woman swimmer and two others arrested with drugs in goa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..