'മരണത്തിന്റെ വ്യാപാരി'യെ റഷ്യയ്ക്ക് വിട്ടുനല്‍കി യുഎസ്; പകരം ബാസ്‌ക്കറ്റ്‌ബോള്‍ താരത്തെ മോചിപ്പിച്ചു


യു.എ.ഇ.യിലെ അബുദാബിയില്‍വെച്ചാണ് രണ്ടുപേരെയും ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്.

വിക്ടർ ബൗട്ട്, ബ്രിട്ട്‌നി ഗ്രൈനർ | File Photo: AP

ദുബായ്: 'മരണത്തിന്റെ വ്യാപാരി'യെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുനല്‍കി ബാസ്‌ക്കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ അമേരിക്ക മോചിപ്പിച്ചു. യു.എ.ഇ.യിലെ അബുദാബിയില്‍വെച്ചാണ് രണ്ടുപേരെയും ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. ബ്രിട്ട്‌നി ഗ്രൈനര്‍ സുരക്ഷിതയാണെന്നും യു.എ.ഇ.യില്‍നിന്ന് യാത്രതിരിച്ചതായും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വിക്ടര്‍ ബൗട്ട് നാട്ടിലെത്തിയതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയവും പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂലായ് മാസം മുതല്‍തന്നെ ബ്രിട്ട്‌നിയെ റഷ്യയില്‍നിന്ന് മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ബ്രിട്ട്‌നിക്ക് പുറമേ 2018-ല്‍ റഷ്യയില്‍ പിടിയിലായ അമേരിക്കന്‍ നാവികന്‍ പോള്‍ വീലനെയും വിട്ടുതരണമെന്ന് യു.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചാരവൃത്തി ചുമത്തി അറസ്റ്റ് ചെയ്ത പോള്‍ വീലനെ കൈമാറാന്‍ റഷ്യ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കുറ്റവാളികളെ പരസ്പരം കൈമാറുന്നതില്‍ മറ്റാരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. റഷ്യയും അമേരിക്കയും തമ്മില്‍ മാത്രമാണ് ഈ ഉടമ്പടിയില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞദിവസം സ്വകാര്യവിമാനങ്ങളിലാണ് ഇരുരാജ്യങ്ങളില്‍നിന്നും രണ്ടുപേരെയും അബുദാബിയില്‍ എത്തിച്ചത്. മോസ്‌കോയില്‍നിന്ന് ബ്രിട്ട്‌നിയുമായി റഷ്യയുടെ വിമാനവും വാഷിങ്ടണില്‍നിന്ന് വിക്ടറുമായി യു.എസിന്റെ വിമാനവും അബുദാബി വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് രണ്ടുപേരെയും കൂട്ടി അവരവരുടെ രാജ്യങ്ങളുടെ പ്രതിനിധികള്‍ സ്വദേശങ്ങളിലേക്ക് പറന്നു.

വിക്ടര്‍ ബൗട്ട് മോസ്‌കോയില്‍ എത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ടറിനെ ഭാര്യയും മാതാവും ചേര്‍ന്ന് സ്വീകരിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. അര്‍ധരാത്രിയാണ് തന്നെ വിളിച്ചുണര്‍ത്തി മോചനവിവരം അറിയിച്ചതെന്നായിരുന്നു വിക്ടറിന്റെ പ്രതികരണം.

അമേരിക്കയിലെ ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍താരമായ ബ്രിട്ട്‌നി ഗ്രൈനര്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് മോസ്‌കോ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. താരത്തിന്റെ കൈയില്‍നിന്ന് കഞ്ചാവ് ഓയില്‍ പിടിച്ചെടുത്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജയിലില്‍ അടച്ചത്. അതേസമയം, ഓഫ് സീസണിലെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്കായാണ് മോസ്‌കോയില്‍ എത്തിയതെന്നും കഞ്ചാവ് ഓയില്‍ ബാഗില്‍ ഉള്‍പ്പെട്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമായിരുന്നു ബ്രിട്ട്‌നിയുടെ വിശദീകരണം. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ റഷ്യയിലെ കോടതി ഓഗസ്റ്റ് നാലാം തീയതി ഒമ്പത് വര്‍ഷത്തെ തടവിനാണ് താരത്തെ ശിക്ഷിച്ചത്.

തീവ്രവാദസംഘങ്ങള്‍ക്കും ഇവരെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകള്‍ക്കുമെല്ലാം ആയുധങ്ങള്‍ വില്‍ക്കുന്നതിലൂടെയാണ് റഷ്യക്കാരനായ വിക്ടര്‍ ബൗട്ട് കുപ്രസിദ്ധി നേടിയത്. വിക്ടറിന്റെ ജീവിതത്തെ ആസ്പദമാക്കി 2005-ല്‍ 'ലോര്‍ഡ് ഓഫ് വാര്‍' എന്ന ഹോളിവുഡ് ചിത്രവും പുറത്തിറങ്ങിയിരുന്നു.

'മരണത്തിന്റെ വ്യാപാരി'യെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിക്ടര്‍ ബൗട്ടിനെ 2008-ല്‍ തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍നിന്നാണ് യു.എസ്. പിടികൂടുന്നത്. രഹസ്യഓപ്പറേഷനിലൂടെ യു.എസ്. സംഘം വിക്ടറിനെ പിടികൂടിയത് റഷ്യന്‍ സര്‍ക്കാരിനെ അന്നേ ചൊടിപ്പിച്ചിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം യു.എസിലേക്ക് നാടുകടത്തി. കഴിഞ്ഞ 12 വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു വിക്ടര്‍.

അതേസമയം, 25 വര്‍ഷം തടവിന് ശിക്ഷിച്ച വിക്ടറിനെ വിട്ടയച്ചതിനെതിരേ യു.എസില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത് കൈമാറ്റമെല്ലെന്നും ബൈഡന്‍ ഭരണകൂടത്തിന്റെ കീഴടങ്ങലാണെന്നും വൈറ്റ് ഹൗസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പ്രതികരിച്ചു. വിക്ടറിനെ പിടികൂടുന്നതില്‍ മുഖ്യപങ്കുവഹിച്ച യു.എസ്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ മുന്‍ ഏജന്റ് റോബര്‍ട്ട് സക്കറിയാഷീവ്‌സും ബൈഡന്റെ നടപടിയെ വിമര്‍ശിച്ചു. തീവ്രവാദസംഘങ്ങള്‍ക്ക് റഷ്യ നല്‍കുന്ന സഹായങ്ങളെക്കുറിച്ച് വെളിപ്പെടുത്തുമെന്ന ഭയമാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ വിക്ടറിനെ തിരിച്ചെത്തിക്കാന്‍ കാരണമെന്ന് മുന്‍ റഷ്യന്‍ എം.പി. വ്‌ളാഡിമിര്‍ ഒഷേക്കിനും കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിലും സമാനരീതിയില്‍ രണ്ട് കുറ്റവാളികളെ ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയിരുന്നു. മൂന്നുവര്‍ഷത്തോളം റഷ്യയിലെ ജയിലില്‍ കഴിഞ്ഞ യു.എസ്. നാവികന്‍ ട്രെവര്‍ റീഡിനെയാണ് അന്ന് അമേരിക്ക തിരികെ എത്തിച്ചത്. പകരം കൊക്കെയ്ന്‍ കേസില്‍ പിടിയിലായ റഷ്യന്‍ പൈലറ്റ് കോന്‍സ്റ്റാന്റിന്‍ യരോശെങ്കോയെ റഷ്യയ്ക്ക് കൈമാറുകയും ചെയ്തു.

Content Highlights: russia and us swap russia frees brittney griner and usa released viktor bout


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented