പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പാലക്കാട്: കടമ്പഴിപ്പുറത്ത് ഭൂമി അളന്നുനല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിരമിച്ചയാളടക്കം വിജിലന്‍സ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം-ഒന്ന് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ഉല്ലാസ്, അമ്പലപ്പാറ-രണ്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാര്‍, കടമ്പഴിപ്പുറം-ഒന്ന് വില്ലേജിലെ കാഷ്വല്‍ സ്വീപ്പറായ സുകല, കഴിഞ്ഞമാസം കടമ്പഴിപ്പുറം-ഒന്ന് വില്ലേജില്‍നിന്ന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി വിരമിച്ച സുകുമാരന്‍ എന്നിവരാണ് വിജിലന്‍സ് പിടിയിലായത്.
കടമ്പഴിപ്പുറം ആലങ്ങാട് പാട്ടിമല എം.കെ. ഭഗീരഥനെന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. തന്റെ കൈവശമുള്ള 12 ഏക്കര്‍ ഭൂമി അളന്നുതിട്ടപ്പെടുത്തി സ്‌കെച്ചും തണ്ടപ്പേരും ലഭ്യമാക്കാനായി ഭഗീരഥന്‍ ജൂണ്‍ ആദ്യം കടമ്പഴിപ്പുറം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഓഫീസിലെത്തി കാര്യം അന്വേഷിച്ചപ്പോള്‍, സ്ഥലമളക്കാന്‍ കടമ്പഴിപ്പുറം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് മാത്രം മതിയാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സ്ഥലം കൂടുതലായതിനാല്‍ അമ്പലപ്പാറ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രസാദ് കുമാറും കാഷ്വല്‍ സീപ്പര്‍ സുകലയും ഉള്‍പ്പെടെ നാലുപേരുണ്ടാകുമെന്നും അതിനാല്‍ 60,000 രൂപ നല്‍കണമെന്നും കഴിഞ്ഞമാസം സര്‍വീസില്‍നിന്ന് വിരമിച്ച സുകുമാരന്‍ ഭഗീരഥനോട് പറഞ്ഞു. തുക കൂടുതലാണെന്ന് പറഞ്ഞ ഭഗീരഥനോട്, ഒടുവില്‍ 50,000 രൂപ നല്‍കിയാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞു. തുക നാലുപേര്‍ക്കും തുല്യമായി വീതംവെയ്ക്കാനായിരുന്നു ആദ്യം 60,000 രൂപ ആവശ്യപ്പെട്ടത്.
സ്ഥലമളക്കാന്‍ പണം നല്‍കണമെന്നായപ്പോള്‍ ഭഗീരഥന്‍ വിവരം പാലക്കാട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗംഗാധരനെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാനെത്തിയപ്പോള്‍ വിജിലന്‍സ് സംഘവും സ്ഥലത്തെത്തി നിരീക്ഷിച്ചു. സ്ഥലം അളന്നശേഷം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇവരെ കൈയോടെ പൊക്കിയത്. ഉല്ലാസിന്റെ കൈയില്‍നിന്ന് 21,000 രൂപയും പ്രസാദ് കുമാറിന്റെ കൈയില്‍നിന്ന് 15,000 രൂപയും സുകലയില്‍നിന്ന് 4000 രൂപയും ഇടനിലക്കാരനായി നിന്ന സുകുമാരന്റെ കൈയില്‍നിന്ന് 10,000 രൂപയും പിടിച്ചെടുത്തു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പുറമേ, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, എം.യു. ബാലകൃഷ്ണന്‍, ബോബിന്‍ മാത്യു, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, സുരേന്ദ്രന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍, ബൈജു, വിനു, മുഹമ്മദ് സലീം, പോലീസ് ഉദ്യോഗസ്ഥരായ സരള, രമേഷ്, സലേഷ്, പ്രമോദ്, സന്തോഷ് എന്നിവരും പങ്കെടുത്തു.
Content Highlights: Rs 500,000 bribe-Vigilance arrested four revenue officers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..