പ്രതീകാത്മക ചിത്രം | Reuters
കോഴിക്കോട്: ഉയര്‍ന്നപലിശ വാഗ്ദാനംചെയ്ത് ജീവനക്കാരില്‍നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയ 'എനി ടൈം മണി' സ്ഥാപനത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്.
2020-ല്‍ പാലാഴിയില്‍ ബൈപ്പാസിന് സമീപം ആരംഭിച്ച 'എനി ടൈം മണി' ധനകാര്യസ്ഥാപനത്തില്‍ ആകര്‍ഷകമായ ശമ്പളവ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 45,000 രൂപ ശമ്പളവും നിക്ഷേപിച്ച തുകയ്ക്ക് ഒമ്പതുശതമാനം പലിശയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 25,000 രൂപമുതല്‍ 35,000 രൂപവരെ ശമ്പളം ലഭിക്കണമെങ്കില്‍ 10 ലക്ഷം രൂപ നിക്ഷേപം കണ്ടെത്താനായിരുന്നു നിര്‍ദേശമെന്ന് ജീവനക്കാര്‍ പറയുന്നു. ജോലിയില്‍ പ്രവേശിച്ച് മൂന്നുമാസത്തിനകം തുക നിക്ഷേപിച്ചാല്‍ മതിയെന്നായിരുന്നു വ്യവസ്ഥ.
സ്വന്തം പണവും ബന്ധുക്കളുടെയും പരിചയക്കാരുടെയുമെല്ലാം കൈയില്‍നിന്നുള്ള ലക്ഷങ്ങളും സ്ഥാപനത്തിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ അര്‍ബന്‍ നിധി കമ്പനിയില്‍ ജീവനക്കാര്‍ നിക്ഷേപിച്ചു. 35 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ജൂണ്‍വരെ ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പൊന്നുമില്ലാതെ ഓഗസ്റ്റ് 30-നുശേഷം ജോലിക്ക് വരേണ്ടതില്ലെന്ന് കമ്പനി നിര്‍ദേശിക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഉടമസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നെന്നും ജീവനക്കാര്‍ പറഞ്ഞു. രണ്ടു ജീവനക്കാര്‍ പന്തീരാങ്കാവ് പോലീസിലും 21 പേര് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതിനല്‍കിയത്.
പത്തോളം പരാതികള്‍ വ്യാഴാഴ്ച പന്തീരാങ്കാവ് സ്റ്റേഷനില്‍ വന്നെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തില്‍ പാലാഴിയിലെ സ്ഥാപനത്തില്‍ തിങ്കളാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.'എനി ടൈം മണി' എന്ന സ്ഥാപനത്തിന് വിവിധ ബാങ്കുകളിലായി ഏഴ് അക്കൗണ്ടുകളാണുള്ളത്. ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളായിട്ടുണ്ട്. കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞദിവസം മൂന്നുപേര്‍ അറസ്റ്റിലായ കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമാണ് 'എനി ടൈം മണി'.
Content Highlights: Rs 45,000 salary and interest on investment of Rs 15 lakh; 'Any Time Money' Crore Scam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..