കവര്‍ച്ച: തന്ത്രംപിറന്നത് ജയിലില്‍, നിര്‍വഹണം നടുറോഡില്‍; വിനയായത് കാടുമൂടി കിടന്ന പ്രദേശത്തെ CCTV


പിടിയിലായത് കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാംപ്രതി

എറണാകുളത്തുനിന്ന്‌ കസ്റ്റഡിയിലെടുത്ത സിനിലിനെ കാസർകോട് ടൗൺ സ്റ്റേഷനിൽ എത്തിച്ചപ്പോൾ

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍.

കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനില്‍ (39) ആണ് എറണാകുളത്ത് പിടിയിലായത്. കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാം പ്രതിയാണ് സിനില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

2021 സെപ്റ്റംബര്‍ 22-നാണ് 11 അംഗ സംഘം മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. ഡ്രൈവറെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി കാറുള്‍പ്പെടെ തട്ടിയെടുത്ത് പയ്യന്നൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്നാണ് ഇവരുടെ വ്യാജനമ്പര്‍ പതിപ്പിച്ച കാറിലേക്ക് പണം മാറ്റിയത്. ഈ പ്രദേശത്ത് മണ്ണെടുക്കുന്നവരെ കണ്ടെത്താന്‍ സ്ഥലമുടമ കാട്ടില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

പുല്‍പ്പള്ളി പേരിക്കല്ലൂരിലെ സുജിത്ത് (27), അനു ഷാജു (29), പനമരം കായക്കുന്നിലെ അഖില്‍ ടോം (25), ജോഷിബ് ജോസഫ് (24), തൃശ്ശൂര്‍ എളംതുരുത്തിയിലെ ബിനോയ് സി. ബേബി (26), കൊടശ്ശേരി താഴൂരിലെ എഡ്വിന്‍ തോമസ് (25), ആലുവ പാദുവപുരത്തെ ആന്റണി ലൂയിസ് (24), കുമ്പള ശാന്തിപ്പള്ളത്തെ എ.ജി. ഷാഹിര്‍ (35), മൊഗ്രാലിലെ അബ്ദുള്‍ അസീസ് (36), കണ്ണൂര്‍ പുതിയതെരുവിലെ മുബാറക് (28) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.

സിനിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കതിരൂര്‍ മനോജ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍െവച്ചാണ് സിനില്‍ മറ്റു പ്രതികളെ പരിചയപ്പെട്ടത്. ദേശീയപാതയില്‍ കവര്‍ച്ച നടത്തിയതിന് മലപ്പുറത്തുള്‍പ്പെടെ മൂന്നിടങ്ങളില്‍ സിനിലിന്റെ പേരില്‍ കേസുണ്ട്.

തന്ത്രംപിറന്നത് ജയിലില്‍, നിര്‍വഹണം നടുറോഡില്‍

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി നടത്തിയ കവര്‍ച്ചയിലെ മുഖ്യസൂത്രധാരനായ സിനില്‍ (39) അറസ്റ്റിലായപ്പോള്‍ ചുരുളഴിയുന്നത് കൊള്ളസംഘത്തിന്റെ ഒത്തുചേരല്‍ രഹസ്യങ്ങള്‍. ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നായി പ്രതികള്‍ പരസ്പരം പരിചയപ്പെടുന്നത്. അതുവരെ മറ്റു സംഘങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന സിനില്‍ ആദ്യമായി നേതൃത്വം നല്‍കിയ കൊള്ളയായിരുന്നു ഇത്.

വ്യാജനമ്പര്‍ പതിപ്പിച്ച കാറുകള്‍ വട്ടമിട്ടാണ് സിനിലും സംഘവും സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറായ മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോകുന്നത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണത്തിനിടെ മംഗളൂരു മുതല്‍ ഷോര്‍ണൂര്‍ വരെ 500-ഓളം നിരീക്ഷണ ക്യാമറകളാണ് കാസര്‍കോട് പോലീസ് പരിശോധിച്ചത്. ഇതില്‍ നിര്‍ണായകമായതാകട്ടെ സ്വകാര്യ സ്ഥലത്തുനിന്നും മണ്ണെടുക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി കാടുമൂടികിടക്കുന്ന പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയും.

കവര്‍ന്ന പണമുപയോഗിച്ച് വാങ്ങിയ സ്വര്‍ണമടക്കമുള്ളവ പോലീസ് നേരത്തേ പിടിച്ചെടുത്തിരുന്നു. മിക്കവരും ആഡംബരജീവതം നയിക്കാനാണ് പണം ഉപയോഗിച്ചത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പോലീസിന്റെ അന്വേഷണ മികവില്‍ മുഴുവന്‍ പ്രതികളും വലയിലായത്. ഡിവൈ.എസ്.പി. വി.വി. മനോജിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറാണ് കേസന്വേഷിച്ചത്. എസ്.ഐ.എ.എം. രഞ്ജിത് കുമാര്‍, എ.എസ്.ഐ. കെ. വിജയന്‍, സി.പി.ഒമാരായ സുനില്‍, രതീഷ്, സുരേന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: Robbery by blocking the car on the national highway


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented