കവർച്ചയ്ക്കിരയായ വീട്ടമ്മ പോലീസ് സ്‌റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ രണ്ടുപേര്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും കവര്‍ന്നു. നേമം കാരയ്ക്കാമണ്ഡപം സ്വദേശി രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തില്‍ കത്തിവെച്ചാണ് രണ്ടുപവന്റെ മാലയും കമ്മലും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും കവര്‍ന്നത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
കുടിക്കാന്‍ വെള്ളം ചോദിച്ചാണ് രണ്ടുയുവാക്കള്‍ വീട്ടിലെത്തിയത്. പുറത്തുനിന്ന് വെള്ളമെടുക്കാന്‍ വീട്ടമ്മ പറഞ്ഞെങ്കിലും അതുവേണ്ടെന്നും തണുത്ത വെള്ളം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ വെള്ളമെടുക്കാനായി വീടിനകത്തേക്ക് പോയതോടെ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ഇവരെ കീഴ്‌പ്പെടുത്തുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ് കഴുത്തിലുണ്ടായിരുന്ന മാലയും കമ്മലും അക്രമികള്‍ ഊരിവാങ്ങി. ഇതിനുശേഷം കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും യുവാക്കള്‍ കവര്‍ന്നതായാണ് വീട്ടമ്മയുടെ പരാതി.
സംഭവസമയത്ത് രമ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിയേറ്റര്‍ ജീവനക്കാരനായ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ജോലിസ്ഥലത്തായിരുന്നു. സംഭവത്തിന്റെ പത്തുമിനിറ്റ് മുന്‍പ് രമ്യയുടെ മകനും ഭര്‍തൃമാതാവും വീട്ടില്‍നിന്ന് പുറത്തേക്ക് പോവുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഭയന്നുപോയ രമ്യ അല്പസമയത്തിന് ശേഷം ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതോടെയാണ് കവര്‍ച്ച നടന്നവിവരം പുറംലോകമറിയുന്നത്.
വീട്ടിലെത്തിയ യുവാക്കളുടെ കൈയില്‍ ഹെല്‍മെറ്റും ബാഗും ഉണ്ടായിരുന്നതായാണ് വീട്ടമ്മയുടെ മൊഴി. തമിഴും മലയാളവും കലര്‍ന്നഭാഷയിലാണ് ഇവര്‍ സംസാരിച്ചിരുന്നതെന്നും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights: robbery at nemom thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..