മോഷണം നടന്ന വീട്ടിൽനിന്നുള്ള ദൃശ്യം
കണ്ണൂര്‍: ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ പത്തുപവന്‍ സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ന്യൂമാഹി കുറിച്ചിയില്‍ പുന്നോല്‍ മാപ്പിള എല്‍.പി. സ്‌കൂളിന് സമീപത്തെ മയലക്കര പുത്തന്‍പുരയില്‍ സുലൈഖയുടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം.
ഇരുനില വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് രണ്ടുമോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന സുലൈഖയുടെ മാലയും പൊട്ടിച്ചെടുത്തു. മറ്റൊരു മാല കൂടി പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുലൈഖ ഉണരുകയായിരുന്നു. വീട്ടമ്മ മാലയില്‍ പിടിച്ചതോടെ മോഷ്ടാക്കള്‍ കുതറിയോടി. പിടിവലിക്കിടെ മൂന്നുപവന്റെ മാലയുടെ ഒരുഭാഗം വീട്ടമ്മയുടെ കൈയിലും മറ്റൊരു ഭാഗം മോഷ്ടാക്കളുടെ കൈയിലുമായി. കൈയില്‍ കിട്ടിയ മാലയുടെ ഭാഗവുമായി മോഷ്ടാക്കളെ വീട്ടമ്മ പിന്തുടര്‍ന്നെങ്കിലും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
രണ്ടുപേരാണ് മോഷണം നടത്തിയതെന്നും ഇരുട്ടായതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് സുലൈഖയുടെ മൊഴി. സുലൈഖയും പേരമകനും കിടന്നിരുന്ന മുറിയിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറിയില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും 80,000 രൂപയുമാണ് ആദ്യം കൈക്കലാക്കിയത്. അലമാരയുടെ മുകളിലുണ്ടായിരുന്ന വാനിറ്റി ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും കവര്‍ന്നിട്ടുണ്ട്. ഇതിനുശേഷം ഉറങ്ങികിടക്കുകയായിരുന്ന സുലൈഖയുടെ കഴുത്തിലുണ്ടായിരുന്ന ഒരുപവന്റെ മാല പൊട്ടിച്ചെടുത്തു. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ ലോക്കറ്റടങ്ങിയ മറ്റൊരു മാല കൂടി പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടമ്മ ഉണര്‍ന്നത്.
സംഭവസമയം സുലൈഖയുടെ മകളും ഇവരുടെ ഭര്‍ത്താവും കുട്ടിയും മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. സുലൈഖയുടെ കട്ടിലിനടിയില്‍ സൂക്ഷിച്ച താക്കോല്‍ കൈക്കലാക്കിയാണ് മോഷ്ടാക്കള്‍ അലമാര തുറന്നതെന്നാണ് നിഗമനം. അലമാരയുടെ വലിപ്പും വാനിറ്റി ബാഗും പിന്നീട് വരാന്തയില്‍നിന്ന് കണ്ടെടുത്തു.
ന്യൂമാഹി എസ്.എച്ച്.ഒ. പി.വി.രാജന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തലശ്ശേരി എ.എസ്.പി. അരുണ്‍ പവിത്രനും സംഭവസ്ഥലത്തെത്തിയിരുന്നു. കണ്ണൂരില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തും.
Content Highlights: robbery at a home in punnol new mahe kannur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..