അറസ്റ്റിലായ പ്രതികളെ പോലീസ്സ്റ്റേഷനിലെത്തിച്ചപ്പോൾ
ബെംഗളൂരു: കനകപുര റോഡില്‍ ആഡംബര വീട്ടില്‍ കവര്‍ച്ചയ്ക്കെത്തിയ ഏഴംഗസംഘത്തെ പോലീസ് മിനിറ്റുകള്‍ക്കകം പിടികൂടി. വീട്ടിലെ സി.സി.ടി.വി. ക്യാമറകളും വീട്ടുകാരുടെ സമയോചിത ഇടപെടലുമാണ് മാരകായുധങ്ങളുമായി വീട്ടില്ക്കയറിയവരെ പിടികൂടാന്‍ സഹായിച്ചത്.
നാരായണനഗറിലെ അജയ്, രാഹുല്‍ ബാലഗോപാല്‍, സമീര്‍ എന്നിവരുടെ വീട്ടിലാണ് കവര്‍ച്ചാസംഘമെത്തിയത്. ബിഹാര്‍ സ്വദേശി മുഹമ്മദ് നിനാസ് (21), ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഇമ്രാന് ഷെയ്ഖ് (24), രാജസ്ഥാന് സ്വദേശികളായ മുഹമ്മദ് ഫൈസല്‍ (23), ബാം ബിലാസ് (27), മധ്യപ്രദേശ് സ്വദേശി സുനില്‍ ദാംഗെ (20), ഒഡിഷ സ്വദേശി രജത് മല്ലിക് (21), ബെംഗളൂരു സ്വദേശി ഷെയ്ഖ് കലീം (22) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് രാഹുല്‍ കാപ്പിയുണ്ടാക്കാന്‍ അടുക്കളയില്‍ കയറിയപ്പോള്‍ വീട്ടില്‍ മറ്റാരോ ഉള്ളതായി സംശയംതോന്നി. തുടര്‍ന്ന് വീടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ ഫോണില്‍ നോക്കിയപ്പോള്‍ കവര്‍ച്ചക്കാര്‍ വിവിധ മുറികളില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് രാഹുല്‍ വീട്ടിലുണ്ടായിരുന്നു ലൈസന്‍സുള്ള തോക്കെടുത്തു. 112-ല്‍ വിളിച്ച് പോലീസിനെയും വിവരമറിയിച്ചു.
രണ്ട് കവര്‍ച്ചക്കാരെ തോക്കുചൂണ്ടി മുറി പുറത്തുനിന്ന് പൂട്ടി. ഈ സമയംകൊണ്ട് പോലീസെത്തി വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെ പിടികൂടുകയായിരുന്നു.
പിന്നീട് സംഘത്തില്‍പ്പെട്ട മറ്റു രണ്ടുപേരെക്കൂടി പിടികൂടി. വീടിന്റെ ടെറസിലായിരുന്ന ഇവര്‍ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
പ്രതികളെല്ലാവരും മുംബൈയില്‍ ഹോട്ടലുകളിലും ബാറുകളിലും ജോലി ചെയ്തിരുന്നവരാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആഡംബര വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ കവര്ച്ചനടത്തിയിരുന്നത്.
Content Highlights: robbers arrested in bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..