അറസ്റ്റിലായ അഖിൽ, ഷംനാദ് എന്നിവർ | ഫോട്ടോ: Screengrab/Mathrubhumi News
തിരുവനന്തപുരം: ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായത്താണ് സംഭവം നടന്നത്. ചാത്തന്നൂര്‍ സ്വദേശി അഖില്‍കൃഷ്ണനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. മംഗലപുരം സ്വദേശി ഷംനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.
കാട്ടാക്കടയിലെ ഒരു സ്വകാര്യബാങ്കിലെ ജീവനക്കാരനാണ് ആക്രമിക്കപ്പെട്ട അഖില്‍കൃഷ്ണന്‍. ജോലി കഴിഞ്ഞ് ചാത്തന്നൂരേക്കു മടങ്ങുന്നതിനിടെ നെടുമങ്ങാടു പഴക്കുറ്റിയെത്തിയപ്പോള്‍ ഒരു കാര്‍ അലക്ഷ്യമായി മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് അഖില്‍കൃഷ്ണനും മറ്റു നാട്ടുകാരും ചോദ്യം ചെയ്തു. തുടര്‍ന്ന് അഖില്‍കൃഷ്ണനുമായി കാറിലുണ്ടായിരുന്നവര്‍ വാക്കേറ്റമായി. പിന്നീട് അഖില്‍കൃഷ്ണനെ പിന്തുടര്‍ന്ന് എത്തിയ ഇവര്‍ അഖില്‍കൃഷ്ണനെ ഭീഷണിപ്പെടുത്തി. പിന്നീട് തേക്കട ഭാഗത്ത് എത്തിയ അഖില്‍കൃഷ്ണനെ അമിതവേഗത്തിലെത്തിയ ഇവരുടെ കാര്‍ ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ അഖില്‍കൃഷ്ണന്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയല്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തിനു ശേഷം പോലീസ് കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ കാറിലുണ്ടായിരുന്ന രണ്ടു പ്രതികളും കാര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ഷംനാദിനെയും അഖിലിനേയും തിരിച്ചറിയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുവരും ബന്ധുക്കളുടെ വീട്ടില്‍ നിന്ന് പിടിയിലാകുകയായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്. മദ്യലഹരിയിലാണ് അഖില്‍കൃഷ്ണനെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ചത് എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Content Highlights: road rage car attempted to kill bike rider in thiruvanathapuram accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..