അപകടത്തിനിരയാക്കിയ ഥാർ, കൊല്ലപ്പെട്ട രവിശങ്കർ
വിയ്യൂർ : മത്സരയോട്ടത്തിനിടെ ജീപ്പ് കാറിലിടിച്ച് അറുപത്തേഴുകാരൻ മരിച്ച കേസിലെ പ്രതി ഥാർ ജീപ്പ് ഓടിച്ചത് 120 കിലോമീറ്ററിലധികം വേഗത്തിൽ. 60 കിലോമീറ്റർ വേഗത്തിൽ പോകാൻ മാത്രം അനുമതിയുള്ള റോഡിലാണിത്. ക്യാമറകൾ പരിശോധിച്ചപ്പോൾ 120 കിലോമീറ്ററിലധികം വേഗത്തിൽ ജീപ്പ് ഓടിച്ചിരുന്നെന്നാണ് മനസ്സിലായത്.
തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽനിന്ന് ജീപ്പുമായി പുറപ്പെട്ട പ്രതി വഴിമധ്യേ സുഹൃത്തുക്കളുമൊത്ത് മദ്യസത്കാരവും നടത്തിയിരുന്നു. തുടർന്ന് മദ്യലഹരിയിലാണ് അതിവേഗത്തിൽ അതുവഴിവന്ന ബി.എം.ഡബ്ള്യു. കാറുമായി മത്സരിച്ച് ഓടിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള അവണൂരിലെ സ്റ്റിച്ചിങ് സെൻററിലേക്കുള്ള യാത്രയിലാണ് മത്സരയോട്ടവും തുടർന്ന് അപകടവും ഉണ്ടാക്കിയത്.
കുറ്റൂർ ഭാഗത്തുവെച്ച് പ്രതിയുടെ ജീപ്പിനെ ബി.എം.ഡബ്ള്യു. കാർ മറികടന്നപ്പോഴാണ് മത്സരയോട്ടം തുടങ്ങിയത്. അതിവേഗത്തിൽ ബി.എം.ഡബ്ള്യു. കാർ വരുന്നതുകണ്ട് ടാക്സി ഡ്രൈവർ വാഹനം ഒതുക്കിയെങ്കിലും ഉടനെ ജീപ്പ് ടാക്സിയിൽ വന്നിടിക്കുകയായിരുന്നു. ജീപ്പിന്റെ വേഗത്തിന്റെ ശക്തിയിൽ ഇടിയേറ്റ ടാക്സി അമർന്ന് അരികിലുള്ള കൈവരി തകർന്നിരുന്നു. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പോലീസ് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.എം.ഡബ്ള്യു. കാർ ഉടമയായ കുന്നംകുളം സ്വദേശിയോട് ശനിയാഴ്ച ഹാജരാകാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ബി.എം.ഡബ്ള്യു. കാർ ഇതുവഴി പതിവായി അതിവേഗത്തിൽ പോകുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരാൾകൂടി അറസ്റ്റിൽ
കൊട്ടേക്കാട് : കൊട്ടേക്കാട് മത്സരയോട്ടത്തിനിടെ ഥാർ ജീപ്പ് കാറിലിടിച്ച് കാർയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. അപകടത്തെത്തുടർന്ന് ഥാറിൽനിന്ന് ഇറങ്ങിയോടിയ അന്തിക്കാട് ചേട്ടക്കുളം വീട്ടിൽ അനീഷാ(26)ണ് അറസ്റ്റിലായത്.
മത്സരയോട്ടമുണ്ടാക്കാനായി വാഹനം ഓടിച്ചിരുന്നയാളെ പ്രേരിപ്പിച്ചതിന് പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ പരിക്കുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി വിട്ടാൽ അറസ്റ്റ് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..